കോഴിക്കോട്: കെപിസിസി മുതൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സിയുസി ) വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കോൺഗ്രസിന്റെ മൊബൈൽ ആപ്ലിക്കേഷൻ– ‘കോൺഗ്രസ് ഹൗസ്’ സ്വാതന്ത്ര്യദിനത്തിൽ ആരംഭിക്കും.
കീഴ്ഘടകങ്ങൾക്കുള്ള സർക്കുലറുകളും സിയുസികൾക്കുള്ള ദശദിന കർമപരിപാടികളുടെയും വിവിധ ദിനാചരണങ്ങളുടെയും അലർട്ടുകളും ആപ് വഴി കൈമാറും. തിരഞ്ഞെടുപ്പ് ആസൂത്രണം, ഫണ്ട് സമാഹരണം എന്നിവയും ലക്ഷ്യമിടുന്നു. ബൂത്ത് തലം മുതലുള്ള ഭാരവാഹികളാണ് ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ടത്. ഓരോ ബൂത്തിലെയും യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ഡേറ്റ എൻട്രി പൂർണമാകുന്നതോടെ സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസ് കുടുംബങ്ങളുടെയും അനുഭാവികളുടെയും വിവരങ്ങൾ ആപ്പിലുണ്ടാകും.
എന്നാൽ ബൂത്ത് ഭാരവാഹികൾക്ക് സ്വന്തം ബൂത്തിനു കീഴിലെ അംഗങ്ങളുടെ വിവരങ്ങൾ മാത്രമാണ് ലഭ്യമാകുക. മണ്ഡലം, നിയമസഭാ മണ്ഡലം, ജില്ലാ ഭാരവാഹികൾക്ക് അവരുടെ പരിധിയിലെ അംഗങ്ങളുടെ വിവരങ്ങൾ മാത്രം ലഭിക്കും. സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസ് അംഗങ്ങളുടെ വിവരങ്ങൾ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ പ്രധാന ഭാരവാഹികൾക്കു ലഭിക്കും.
2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി ബൂത്ത് തലം മുതലുള്ള ആസൂത്രണം ലക്ഷ്യമിട്ടാണ് ആപ് തയാറാക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിർദേശപ്രകാരമാണ് സിയുസി റിസർച് വിങ്ങിന്റെ മേൽനോട്ടത്തിൽ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കുന്നത്.