ഡൽഹി : കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായ ഭാരതം പടുത്തുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് വിമര്‍ശനം. യുപിഎ സര്‍ക്കാര്‍ കാലത്ത് രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറിയത് പരാമര്‍ശിച്ച മോദി, കോണ്‍ഗ്രസിന്റെ മുഖം കാണാന്‍ പോലും ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. സോണിയ ഗാന്ധിക്കെതിരെയും വിമര്‍ശനമുന്നയിച്ച പ്രധാനമന്ത്രി, തെരഞ്ഞെടുപ്പ് തോല്‍വി ഭയന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭ തെരഞ്ഞെടുക്കുകയാണെന്നും സ്വന്തം തെറ്റുകളുടെ ഫലമാണ് കോണ്‍ഗ്രസ് അനുഭവിക്കുന്നതെന്നും കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ജലോറിലെ റാലിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.അതേസമയം പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.
കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കി ഇരുവരും അസത്യ പ്രചാരണം നടത്തുകയാണെന്നും മോദിയേയും സംഘപരിവാറിനേയും നേരിട്ടെതിര്‍ക്കാതെ രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മതനിരപേക്ഷത ദുര്‍ബലപ്പെടുന്നതിനെ തങ്ങള്‍ ഗൗരവത്തില്‍ കാണുന്നുവെന്നും കോണ്‍ഗ്രസിന് എന്തു കൊണ്ടാണ് സംഘപരിവാര്‍ മനസ്സ് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ മതനിരപേക്ഷതയുടെ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. ആപത് കാലത്ത് സഹായിക്കാത്ത മോദിയാണ് ഇപ്പോള്‍ കേരളത്തെ സഹായിക്കുമെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.