പനാജി : ഗോവയില്‍ നിയമസഭാ സമ്മേളനം തുടങ്ങാനാരിക്കെ കൂടൂതല്‍ എംഎല്‍എമാര്‍ കൂറുമാറുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. അഞ്ചുപേരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. പ്രശ്നപരിഹാരത്തിന് മുകുള്‍ വാസ്നിക്കിനെ ഹൈക്കമാന്‍റ് അയച്ചിരിക്കുകയാണ്. ഗോവയില്‍ ആകെയുള്ള 11 എംഎൽഎമാരിൽ 6 പേർ ബിജെപി പാളയത്തിലേക്ക് പോവുമെന്നാണ് വിവരം. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും പ്രതിപക്ഷ നേതാവായിരുന്ന മൈക്കൾ ലോബോയുമാണ് വിമത നീക്കത്തിന് നേതൃത്വം നൽകുന്നത്.
ലോബോ അടക്കം നാല് എംഎൽഎമാർ ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്‍റെ വസതിയിലെത്തി. പിന്നാലെ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് നീക്കി. ലോബോയും കാമത്തും ചേർന്ന് പാർട്ടിയെ വഞ്ചിച്ചെന്നും ബിജെപിക്കൊപ്പം നിന്ന് ഗൂഢാലോചന നടത്തിയെന്നും ഗോവയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. കോടിക്കണക്കിന് രൂപ നൽകി ബിജെപി എംഎൽഎമാരെ വിലയ്ക്ക് വാങ്ങുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ആരാധനാലയങ്ങളിൽ പോയി കൂറുമാറില്ലെന്ന് സത്യം ചെയ്ത എംഎൽഎമാർ ദൈവനിന്ദയാണ് ചെയ്യുന്നതെന്നും ഗുണ്ടു റാവു പറഞ്ഞു.
ആകെയുള്ള 11 എംഎൽഎമാരിൽ അഞ്ചുപേർ പിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് വടക്കൻ ഗോവയിലെ കരുത്തനായ ബിജെപി നേതാവായിരുന്ന ലോബോ കോൺഗ്രസിലെത്തുന്നത്. ഭാര്യയ്ക്ക് സീറ്റ് നൽകാത്തതായിരുന്നു പാർട്ടി വിടാനുള്ള കാരണം. മുൻ മുഖ്യമന്ത്രിയായ ദിഗംബർ കാമത്തിന് പകരമായാണ് ലോബോയെ കോൺഗ്രസ് പ്രതിപക്ഷ നേതാവാക്കിയത്.