ഗാന്ധിനഗര്‍ : ഹാര്‍ദിക് പട്ടേലിന് പിന്നാലെ ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂടുതല്‍ കൊഴിഞ്ഞുപോക്ക്. കോൺഗ്രസ് നേതാവ് ശ്വേത ബ്രഹ്മ ഭട്ടും ബിജെപിയിലേക്ക്. മണിനഗറിൽ കോൺഗ്രസ് സ്ഥാനാർഥിയായി അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. സാമ്പത്തിക വിദഗ്ധ കൂടിയാണ് ശ്വേത.
ഗുജറാത്തിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റായിരുന്ന ഹാർദ്ദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. ഗാന്ധി നഗറിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ ഹാർദ്ദിക്കിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. കൂടുതൽ കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കുമെന്ന് ഹാർദ്ദിക് പറഞ്ഞു. ഗോ പൂജയടക്കം രാവിലെ ചില പൂജകൾക്ക് ശേഷമാണ് ഹാർദ്ദിക് ബിജെപിയിൽ ചേരാനായി യാത്ര തിരിച്ചത്. ഗാന്ധിനഗറിൽ ബിജെപി പ്രവർത്തകർ തുറന്ന വാഹനത്തിൽ ഹാർദ്ദിക്കിനെ പാർട്ടി ആസ്ഥാനത്തേക്ക് ആനയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീൽ ഹാർദ്ദികിനെ പാർട്ടിയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു. ഇനി മോദിയുടെ കീഴിൽ എളിയ പോരാളിയായി താൻ പ്രവർത്തിക്കുമെന്ന് ഹാർദ്ദിക് പറഞ്ഞു.കോൺഗ്രസ് നിർജ്ജീവമായിക്കഴിഞ്ഞു. പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന നേതാക്കളെ ബിജെപിയിലേക്ക് കൊണ്ട് വരാൻ പ്രത്യേകം ക്യാംപയിൽ തുടങ്ങുമെന്നും ഹാർദ്ദിക് പറഞ്ഞു. ഒരോ പത്ത് ദിവസത്തിലും ഇതിനായി പ്രത്യേക ചടങ്ങ് തന്നെ സംഘടിപ്പിക്കുമെന്നും ഹാർദ്ദിക് പറഞ്ഞു.