ചെന്നൈ: രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ വിധി പറഞ്ഞ സൂറത്ത് കോടതി ജഡ്ജിയുടെ നാവ് മുറിക്കുമെന്ന ഭീഷണിയുമായി തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് ദിണ്ഡിക്കല്‍ ജില്ലാ അധ്യക്ഷന്‍ മണികണ്ഠനാണ് ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയത്. ”നമ്മുടെ നേതാവായ രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷയാണ് സൂറത്ത് കോടതിയിലെ ജഡ്ജി വിധിച്ചത്. ജസ്റ്റിസ് എച്ച് വര്‍മ്മ അറിയാന്‍, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ നിങ്ങളുടെ നാവ് മുറിക്കും.”-മണികണ്ഠന്‍ പറഞ്ഞു. എഐഎഡിഎംകെ നേതാവായ നിര്‍മ്മല്‍ കുമാറാണ് പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ഭീഷണിപ്രസംഗത്തില്‍ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു. കോലാര്‍ പ്രസംഗത്തില്‍ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ 23നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും, പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശം നല്‍കിയിരുന്നു. കോടതി വിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്‌സഭാ അംഗത്വവും റദ്ദാക്കിയിരുന്നു.
രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സെഷന്‍സ് കോടതിയിലേക്ക് നീങ്ങിയത്. മനു അഭിഷേക് സ്വിംഗ്വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് അടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീല്‍ തയ്യാറാക്കിയത്. ഗുജറാത്തിലെ കോടതികളില്‍ നിന്ന് നീതി കിട്ടുമോയെന്നതില്‍ സംശയമുള്ളതിനാല്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നീക്കം. കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയും നീങ്ങും.