ബെംഗളൂരു: കർണാടക നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജെഡിഎസ് തീരുമാനം. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷമെന്ന നിലയിൽ നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിന് എതിരെ നിൽക്കുമെന്നാണ് ജെഡിഎസ്സിന്റെ പ്രഖ്യാപനം.അതേസമയം ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് കുമാരസ്വാമി പറയുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സഖ്യം വേണോ എന്ന കാര്യം അപ്പോൾ ആലോചിക്കാം. ഇപ്പോൾ സംസ്ഥാനത്തിന് വേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
ഇന്നലെ ജെഡിഎസ് എംഎൽഎമാരുടെ യോഗം എച്ച് ഡി ദേവഗൗഡയുടെ വസതിയിൽ ചേർന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ എച്ച് ഡി ദേവഗൗഡ തന്നെ ചുമതലപ്പെടുത്തിയെന്നും യോഗത്തിൽ എച്ച് ഡി കുമാരസ്വാമി അറിയിച്ചു.
സോഷ്യലിസ്റ്റ് വിചാരധാരയിൽ ഊന്നി വളർന്ന ദേവഗൗഡയുടെ ജെഡിഎസ്, കുമാരസ്വാമിയുടെ നേതൃത്വത്തിലേക്ക് നീങ്ങിയപ്പോൾ ബിജെപിക്ക് കൈ കൊടുക്കാൻ മുമ്പും മടിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ജെഡിഎസ്സിന് ശക്തമായ ഒരു ദേശീയ സഖ്യത്തിൽ നിൽക്കേണ്ടത് നിലനിൽപ്പിന്‍റെ കൂടി ആവശ്യമാണ്. ബെംഗളുരുവിലെ പ്രതിപക്ഷ നേതൃയോഗത്തിനെതിരെ രൂക്ഷവിമർശനമാണ് കുമാരസ്വാമി ഉയർത്തിയത്. കർണാടകയിലെ കർഷക ആത്മഹത്യകൾ കാണാത്ത കോൺഗ്രസ് സർക്കാർ വെറും കടലാസ് യോഗങ്ങളിൽ പങ്കെടുത്ത് നടക്കുകയാണെന്ന് കുമാരസ്വാമി വിമർശിക്കുന്നു.