ന്യൂഡൽഹി: സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അംഗങ്ങളെ ചേർക്കുന്നതിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അലംഭാവം കാട്ടിയതോടെ , ഇതിനുള്ള സമയം 15 ദിവസം കൂടി നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാർ നൽകിയ ശുപാർശ അംഗീകരിച്ചാണ് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നടപടി. അംഗത്വ വിതരണം 15നു സമാപിക്കുമെന്നും തിരഞ്ഞെടുപ്പിന്റെ തീയതികളിൽ മാറ്റമില്ലെന്നും ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു.
അംഗത്വ വിതരണത്തിന് ആദ്യം നിശ്ചയിച്ച സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ തെലങ്കാനയും കർണാടകയും മാത്രമാണ് മികച്ച രീതിയിൽ അംഗങ്ങളെ ചേർത്തത്. 40 ലക്ഷം അംഗങ്ങളെ ചേർത്ത തെലങ്കാനയാണ് ഒന്നാമത്. 50 ലക്ഷം പേരെ ചേർക്കാൻ ലക്ഷ്യം കുറിച്ച കേരളത്തിലടക്കം വിതരണം മന്ദഗതിയിലാണ്. വരും ദിവസങ്ങളിൽ പരമാവധി അംഗങ്ങളെ ചേർക്കണമെന്ന് ഹൈക്കമാൻഡ് കർശന നിർദേശം നൽകി.