തിരുവനന്തപുരം : ധീരജിന്റെ കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൈശാചിക രാഷ്ട്രീയം പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കൊലക്കത്തി രാഷ്ട്രീയം കൈവെടിയാൻ കെ എസ് യു, യൂത്ത് കോൺഗ്രസ് നേതാക്കൾ തയാറാകണം. കെ.സുധാകരന് കെപിസിസി അധ്യക്ഷനായ ശേഷം അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ശേഷം മൃതദേഹം നാളെ രാവിലെ ചെറുതോണിയിൽ നിന്ന് സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ട് പോകും. സംഭവത്തില്‍ ചെറുതോണി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇടുക്കി ഗവ. എൻജിനീയറിംഗ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെന്ന് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. എസ് എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് ദുഃഖകരമെന്ന് മന്ത്രി പ്രതികരിച്ചു. പുറത്തുനിന്നുള്ളവർ ക്യാമ്പസിനകത്ത് ആക്രമണം നടത്തുന്നത് ഗൗരവതരമെന്നും മന്ത്രി പറഞ്ഞു.