ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ ഭരണപരമായി പരാജയപ്പെട്ട സർക്കാരാണെന്ന് കോൺഗ്രസ് ദേശീയ നേതാവ് അഭിഷേക് സിങ്‌വി. കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ തങ്ങളുടെ ഭരണപരമായ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇതിന്റെ ഭാഗമാണ്. കേന്ദ്ര സർക്കാരിനെ ശക്തമായി വിമർശിക്കുന്ന രാഹുൽ ഗാന്ധിയോട് പക വീട്ടുകയാണെന്നും അഭിഷേക് സിങ്‌വി പറഞ്ഞു.
തന്റെ നിയമ ജീവിതത്തിൽ ഇത്രയും ദിവസങ്ങളോളം ഇത്രയും മണിക്കൂറുകൾ ഇഡി ഒരാളെ ചോദ്യം ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് അഭിഷേക് സിങ്‌വി പറഞ്ഞു. എത്ര ചോദ്യങ്ങൾ ഈ കേസിൽ ചോദിക്കാനാകും? ഏഴ് വർഷമായിട്ടും ഈ കേസിൽ എഫ് ഐ ആർ ഇല്ല. പണമിടപാട് നടത്താതെ കള്ളപ്പണം വെളുപ്പിച്ചുവെന്നതാണ് രാഹുൽ ഗാന്ധിക്കെതിരെ ഇഡി ചുമത്തിയിരിക്കുന്ന കുറ്റമെന്നും അഭിഷേക് സിങ്‌വി പരിഹസിച്ചു.
സർക്കാർ ഇ ഡി യെ കൂട്ടിലടച്ചിരിക്കുകയാണെന്ന് അഭിഷേക് സിംഗ്‌വി പറഞ്ഞു. നാല് ദിവസം കൊണ്ട് 50 മണിക്കൂറിനടുത്ത് ചോദ്യം ചെയ്തിട്ടും രാഹുലിനോടുള്ള ചോദ്യങ്ങൾ അവസാനിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.












