ദില്ലി : പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ നിന്ന് ഗാന്ധി കുടുംബം മാറിനിൽക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് മുന്നോട്ട് വന്നു. മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ഊഹാപോഹം പ്രചരിപ്പിക്കുന്നവർക്ക് നാളെ നിരാശപ്പെടേണ്ടി വരുമെന്ന് മാണിക്കം ടാഗോർ എംപിയും പ്രതികരിച്ചു. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കുമെന്ന വാർത്ത പുറത്തുവന്നത്. പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ താത്കാലികമായി തുടരുന്ന സോണിയ ഗാന്ധി ചുമലയൊഴിയാൻ സന്നദ്ധത അറിയിച്ചെന്നാണ് വാർത്ത. ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി എഐസിസി സെക്രട്ടറി സ്ഥാനവും ഒഴിയുമെന്നാണ് വാർത്ത.
ഗ്രൂപ്പ് 23 നേതാക്കളുടെ ഭാഗത്ത് നിന്ന് വന്ന കടുത്ത വിമർശനമാണ് ഇപ്പോഴത്തെ തീരുമാനങ്ങളിലേക്ക് ഗാന്ധി കുടുംബത്തെ നയിച്ചത്. അതേസമയം സോണിയയും രാഹുലും പ്രിയങ്കയും സമ്മർദ്ദ തന്ത്രം പയറ്റുകയാണോയെന്ന് സംശയം ദേശീയ തലത്തിൽ ഉയർന്നിട്ടുണ്ട്. പാർട്ടി പ്രവർത്തക സമിതി നാളെ യോഗം ചേരാനിരിക്കെ വലിയ പ്രഖ്യാപനങ്ങൾക്ക് ഇത് ഇടയാക്കിയേക്കും.