ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. മല്ലികാർജ്ജുൻ ഖാർഗെയും, ശശി തരൂരും മാത്രമാണ് നിലവിൽ മത്സര രംഗത്തുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തരൂർ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഖാർഗെ കൂടി പ്രചാരണത്തിനിറങ്ങയതോടെ തെരഞ്ഞെടുപ്പിൽ മത്സരം മുറുകുകയാണ്. ഗുജറാത്തിലും, മുംബൈയിലും പ്രചാരണത്തിനെത്തിയ മല്ലികാർജ്ജുൻ ഖാർഗെ ക്ക് വലിയ സ്വീകരണമാണ് പിസിസികൾ ഒരുക്കിയത്. പരസ്യ പിന്തുണ അറിയിക്കരുതെന്ന തെരഞ്ഞെടുപ്പ് സമിതിയുടെ നിർദ്ദേശം അവഗണിച്ചാണ് നേതാക്കൾ ഖാർഗെക്ക് സ്വീകരണം ഒരുക്കിയത്. ഖാർഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും.ദില്ലി, മുംബൈ എന്നിവിടങ്ങളിലാകും തരൂരിൻ്റെ പ്രചാരണം.
അതേസമയം മല്ലികാർജുൻ ഖാർഗെയ്ക്കായി പ്രചരണത്തിൽ സജീവമാണ് രമേശ് ചെന്നിത്തല. വിവിധ സംസ്ഥാനങ്ങളിൽ സജീവമാണ് രമേശ് ചെന്നിത്തല. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും അദ്ദേഹം ഖാർഗെയ്ക്കൊപ്പം പ്രചാരണം നടത്തും.അതേസമയം ഗുജറാത്ത് അടക്കം പിസിസികൾ മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യ പിന്തുണ നൽകുന്നുണ്ടെന്ന വാദം തെറ്റാണെന്ന് രമേശ് ചെന്നിത്തല മുംബൈയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
പരസ്യ പ്രചരണം സംബന്ധിച്ച് മാർഗരേഖ നിലനിൽക്കെ മല്ലികാർജുൻ ഖാർഗെയ്ക്ക് ഗുജറാത്ത് പിസിസി പരസ്യമായി പിന്തുണ പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലും വമ്പൻ വരവേൽപാണ് ഗാർഗെയ്ക്ക് ഒരുക്കിയത്. പിസിസി അധ്യക്ഷൻമാരടക്കം മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ തരൂർ വിഭാഗം ഹൈക്കമാൻഡിന് രേഖാമൂലം പരാതി നൽകിയിരിക്കുകയാണ്
ഗുജറാത്തിൽ വോട്ട് തേടിയെത്തിയ മല്ലികാർജുൻ ഖാർഗെയ്ക്ക് വിമാനത്താവളം മുതൽ പിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിൽ വമ്പൻ വരവേൽപാണ് ഒരുക്കിയത്. സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ, പ്രതിപക്ഷ നേതാവ് സുഖ്റാം രത്, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള സ്ക്രീനിംഗ് കമ്മറ്റി ചെയർമാൻ രമേശ് ചെന്നിത്തല, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ്മ, പിന്നെ ജിഗ്നേഷ് മേവാനി അടക്കം ഒരു കൂട്ടം എംഎൽഎമാർ വിമനാത്താവളത്തിലെത്തി.
രാവിലെ സബർമതി ആശ്രമം സന്ദർശിക്കാൻ ഖാർഗെ എത്തിയപ്പോഴും പിസിസി ആസ്ഥാനത്ത് വോട്ട് തേടിയെത്തിയപ്പോഴും നേതാക്കൾ ഒപ്പം. ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് ഹൈക്കമാൻഡ് പറയുമ്പോഴാണ് ഖാർഗെയ്ക്കൊപ്പം പിസിസിഅധ്യക്ഷനൂം സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമെല്ലാം പ്രാചാരണ ദിനം ഒപ്പം നിൽക്കുന്നത്. വൈകീട്ട് മുംബൈയിലെത്തിയപ്പോഴും സ്ഥിതി വ്യതസ്തമല്ല. വിമാനത്താവളത്തിൽ സ്വീകരിച്ചത് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എച്ച് കെ പാട്ടീൽ. മഹാരാഷ്ട്രയിലെ നേതാക്കൾക്ക് പുറമെ ഗോവ പിസിസി പ്രസിഡന്‍റെ അമിത് പാത്കറും ശേഷിക്കുന്ന എംഎൽഎമാരും മുംബൈയിലെ പാർട്ടി ആസ്ഥാനത്തേക്ക് എത്തിയിരുന്നു.