ജയ്പൂർ : രാജസ്ഥാൻ കോൺഗ്രസിനുള്ളിലെ തർക്കം ഒരിടവേളക്ക് ശേഷം വീണ്ടും കത്തിക്കയറുന്നതിന്റ ആശങ്കയിലാണ് കോൺഗ്രസ് ക്യാമ്പ്. മുഖ്യമന്ത്രി അശോക് ഗെലോട്ടും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം അധികാരത്തിലേറി നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിന് തിരിച്ചടിയാണ്. അവസാന ഒരു വർഷമെങ്കിലും മുഖ്യമന്ത്രി സ്ഥാനം നൽകണമെന്നാണ് സച്ചിൻ പൈലറ്റ് വിഭാഗം മുന്നോട്ട് വെക്കുന്ന ആവശ്യം. എന്നാൽ പൈലറ്റിന്റെ സ്വപ്നം നടക്കില്ലെന്നും വഴങ്ങില്ലെന്നാണ് ഗെലോട്ടിന്റെ നിലപാട്. ഇരു കൂട്ടരും പരസ്പരം പോരടിക്കുന്നത് ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ കോൺഗ്രസിന് വലിയ തിരിച്ചടിയായി മാറുകയാണ്.
അധികാര തർക്കം അവസാനിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇടപെടുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കോൺഗ്രസ് അധ്യക്ഷ സ്ഥാനം വേണ്ടെന്ന് വെച്ച് അധികാരത്തിൽ തുടരുന്ന അശോക് ഗലോട്ടുമായി ഖാർഗെ സംസാരിക്കും. ഗെലോട്ടിനെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഖാർഗേ മുന്നോട്ട് വെക്കുക. നിലവിൽ പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം ഭാരത് ജോഡോ യാത്രക്ക് ഒപ്പമാണ് സച്ചിൻ പൈലറ്റുള്ളത്. ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെയാണ് ഈ പുതിയ നീക്കങ്ങളെന്നതാണ് ശ്രദ്ധേയം.