തിരുവനന്തപുരം: എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞകേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് വീണ്ടും രംഗത്ത്.
കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് യൂ ടേൺ അടിക്കാമെന്ന് സുധാകരന് പറഞ്ഞു. ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത് കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ടെന്നും സുധാകരന് പറഞ്ഞു.
സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരത്തിന് വെറുതെ കോൺഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാൻ നോക്കേണ്ട. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം ‘വലിയ’ മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പൊലീസുകാരും ഓർക്കണമെന്നും സുധാകരന് മുന്നറിയിപ്പ് നല്കി. ജിതിനെ പാർട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.