തിരുവനന്തപുരം: നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചു റാലി നടത്തിയ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്ഭവനിലേക്കായിരുന്നു മാർച്ച്.
ഡൽഹിയിൽ വിജയ് ചൗക്കിലേക്കു മാർച്ച് നടത്തിയ എംപിമാരും അറസ്റ്റിലായി. പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് ബലം പ്രയോഗിച്ചതു സംഘർഷത്തിലാണു കലാശിച്ചത്. എഐസിസിക്കു മുന്നിൽ പ്രതിഷേധിച്ചവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സോണിയയയെ ഇന്നലെ 6 മണിക്കൂർ ചോദ്യം ചെയ്തതിരുന്നു. ഇന്നു വീണ്ടും ഹാജരാകണമെന്ന നിർദേശത്തോടെ വൈകിട്ട് ഏഴിനാണ് മടങ്ങാൻ അനുവദിച്ചത്. 21നു 2 മണിക്കൂറായിരുന്നു ചോദ്യംചെയ്യൽ. പ്രതിപക്ഷത്തെ നേരിടാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് വിജയ് ചൗക്കിൽ ഇന്നലെ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തിരുന്നു.