ദില്ലി : അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ നിലനില്‍പ്പിനെക്കുറിച്ച് തന്നെ പ്രസക്തമായ ചോദ്യങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഒരു പഴയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ റീപോസ്റ്റ് ചെയ്താണ് കോണ്‍ഗ്രസ് തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
ഭയപ്പെടുന്നില്ലെന്നും നിങ്ങള്‍ ഓരോരുത്തരും തനിക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും രാഹുല്‍ മുന്‍പ് പറഞ്ഞ വാക്കുകളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബിജെപിക്ക് രാഷ്ട്രീയ ബദലാകാന്‍ കോണ്‍ഗ്രസിന് ശേഷിയുണ്ട് എന്ന വിശ്വാസം ചോര്‍ന്നുപോകുന്ന പശ്ചാത്തലത്തിലീണ് ഈ ട്വീറ്റ് എന്നതാണ് ഏറെ ശ്രദ്ധേയം.
‘ഞാന്‍ ഭയക്കുന്നില്ല. ഭയം ഒരു തെരഞ്ഞെടുപ്പാണ്. നമ്മള്‍ ഒന്നിനെ ഭയപ്പെടാന്‍ തീരുമാനിക്കുമ്പോഴാണ് നാം ഭയത്തിന് അടിപ്പെട്ടുപോകുന്നത്. ഞാന്‍ മാത്രമാകരുത് നിങ്ങളുടെ പ്രതീക്ഷ. നിങ്ങളോരോരുത്തരും നിങ്ങള്‍ക്ക് പ്രതീക്ഷയാകണം. നിങ്ങളോരോരുത്തരും എന്റെയും പ്രതീക്ഷയാണ്’. രാഹുലിന്റെ ഈ വാക്കുകളാണ് അഞ്ചിടത്തുനിന്നും തിരിച്ചടി നേരിട്ട ശേഷം കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
പലയിടങ്ങളിലും കോണ്‍ഗ്രസ് നാമാവശേഷമാകുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തേരോട്ടത്തില്‍ വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. ഉത്തരാഖണ്ഡിലും 19 സീറ്റുകളില്‍ കോണ്ഡഗ്രസ് ഒതുങ്ങി. മണിപ്പീരില്‍ 9 സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് മുന്നേറാന്‍ സാധിച്ചിട്ടുള്ളൂ. പഞ്ചാബില്‍ ആം ആദ്മിയുടെ മുന്നേറ്റത്തിലും അടിപതറി. 17 സീറ്റുകള്‍ മാത്രമാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് നേടാനായത്. പ്രതീക്ഷവെച്ചിരുന്ന ഗോവയില്‍ പോലും കോണ്‍ഗ്രസ് 12 സീറ്റുകളില്‍ ഒതുങ്ങി.