തിരുവനന്തപുരം : കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11.30ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമൊപ്പമാകും ജെമി മേത്തർ പത്രിക സമർപ്പണത്തിന് എത്തുക. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ഇതിനിടെ ജെമി മേത്തറുടേത് പേയ്മെന്റ് സീറ്റാണെന്ന് ആർഎസ്‌പി സെക്രട്ടറി എ എ അസീസിന്റെ പരാമർശത്തിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. നേതൃത്വം പ്രതിഷേധം അറിയിച്ചതിന് പിന്നാലെ എ എ അസീസ് പ്രതികരണത്തിൽ നിന്നും മലക്കം മറിഞ്ഞിരുന്നു. രാജ്യസഭാ സ്ഥാർത്ഥിത്വത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളും കോൺഗ്രസിൽ തുടരുകരയാണ്.
കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് ജെബി മേത്തര്‍ പണം കൊടുത്താണ് വാങ്ങിയതെന്ന് പറഞ്ഞിട്ടില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. ജെബി മേത്തർ പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്ന് പറഞ്ഞിട്ടില്ലെന്നും അത് വ്യാഖ്യാനം മാത്രമാണെന്നും അസീസ് വിശദീകരിച്ചു. ആർഎസ്പി ഇപ്പോഴും യുഡിഎഫിൻറ ഭാഗമാണെന്നും രണ്ട് സീറ്റുകളും ന്യൂനപക്ഷത്തിനാണ് കൊടുത്തത് എന്നാണ് ഉദ്ദേശിച്ചതെന്നും അസീസ് പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് പേയ്‍മെന്‍റ് സീറ്റാണ്, ജെബി മേത്തര്‍ സീറ്റ് പണം കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു ആര്‍വൈഎഫിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ അസീസ് ആദ്യം പറഞ്ഞത്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും അത് വ്യാഖ്യാനമാണെന്നും വിശദീകരിച്ച് അസീസ് രംഗത്തെത്തിയത്.