ദില്ലി : ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴ് വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മൂന്ന് ഘട്ടങ്ങളായാണ് വിപുലമായ പ്രതിഷേധ പരിപാടികള്‍ നടക്കുക. മാര്‍ച്ച് 31ന് രാവിലെ വില വര്‍ധനയ്‌ക്കെതിരെ വീടുകള്‍ക്ക് പുറത്തും പൊതുസ്ഥലങ്ങളിലും ഡ്രംസ് കൊട്ടി പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. തടുര്‍ന്ന് ഗ്യാസ് സിലണ്ടറുകളില്‍ മാല ചാര്‍ത്തിയും പ്രതിഷേധം രേഖപ്പെടുത്തും. കേന്ദ്രസര്‍ക്കാരിന്റെ കാത് തുറപ്പിക്കാനാണ് ഡ്രംസ് കൊട്ടിയുള്ള പ്രതിഷേധമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
തെരഞ്ഞടുപ്പിന് ശേഷം ഇന്ധന വില കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ സൗജന്യ എല്‍പിജി സിലണ്ടര്‍ വിതരണവും ഇപ്പോള്‍ നിര്‍ത്തലാക്കിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ഇന്ധനവില ഉയരുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളുടേയും മറ്റ് അവശ്യ സാധനങ്ങളുടേയും വില ഉയരുന്നതില്‍ ജനങ്ങള്‍ കടുത്ത അമര്‍ഷത്തിലാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ജനങ്ങള്‍ വിലക്കയറ്റത്തില്‍ നട്ടംതിരിയുമ്പോഴും കേന്ദ്രം പുതിയ കൊട്ടാരം പണിയാന്‍ സെന്‍ട്രല്‍ വിസ്തയുമായി മുന്നോട്ടുപോകുകയാണെന്നും കോണ്‍ഗ്രസ് ആഞ്ഞടിച്ചു.
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവുണ്ടായിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 58 പൈസയും പെട്രോള്‍ ലിറ്ററിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108ല രൂപ രണ്ട് പൈസയായി. ഡീസല്‍ ലിറ്ററിന് 95 രൂപ 3 പൈസ. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ പെട്രോളിന് നാല് രൂപയും ഡീസലിന് 3 രൂപ 88 പൈസയുമാണ് കൂട്ടിയത്. രാജ്യത്ത് കുറച്ച് ദിവസങ്ങളായി ഇന്ധന വിലയില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വര്‍ധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്.