ദില്ലി: പഞ്ചാബിലെ ജലന്ധർ ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തോൽവി. 1998 ന് ശേഷം ആദ്യമായി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. ആംആദ്മി പാർടി സ്ഥാനാർത്ഥി 58,647 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഇവിടെ നിന്നും ലോക്സഭയിലേക്ക് വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ സുശീൽ കുമാർ റിങ്കുവാണ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചത്.
കോൺഗ്രസ് സ്ഥാനാർത്ഥി കരംജിത് കൗറിന് മണ്ഡലത്തിൽ 2.43 ലക്ഷം വോട്ടാണ് നേടാനായത്. ശിരോമണി അകാലിദൾ സ്ഥാനാർത്ഥി ഡോ. സുഖ്‌വീന്ദർ സുഖി 1.58 ലക്ഷം വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി. ബിജെപി സ്ഥാനാർത്ഥി ഇന്ദർ ഇഖ്ബാൽ സിങ് അത്‌വാൽ 1.34 ലക്ഷം വോട്ട് നേടി നാലാമതായി. കോൺഗ്രസ് എംപി ശന്തോക് സിങ് ചൗധരിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ശന്തോക് സിങ് ചൗധരിയുടെ ഭാര്യ കരംജിത് കൗറിനെയാണ് മണ്ഡലത്തിൽ കോൺഗ്രസ് മത്സരിപ്പിച്ചത്. എന്നാൽ എഎപി മുൻ കോൺഗ്രസ് എംഎൽഎയായ സുശീൽ കുമാർ റിങ്കുവിനെ രംഗത്തിറക്കി മണ്ഡലം പിടിക്കുകയായിരുന്നു.