ഗാന്ധിനഗര്‍ : ഗുജറാത്തിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ഹാർദിക് പട്ടേൽ (Hardik Patel) കോൺഗ്രസ് വിട്ടു. കോൺഗ്രസിന്‍റെ (Congress) പ്രവർത്തനം രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്ന് വിമർശിച്ചും മോദി സർക്കാരിനെ പ്രശംസിച്ചുമാണ് ഹാർദിക് രാജിക്കത്ത് സമർപ്പിച്ചത്. സോണിയ ഗാന്ധിക്കെഴുതിയ രാജി കത്തിൽ നടത്തിയത് അതിരൂക്ഷ വിമർശനമാണ്. ജിഎസ്ടി, ആർട്ടിക്കള്‍ 370, അയോധ്യയിലെ രാമക്ഷേത്രം തുടങ്ങി മോദി സർക്കാരിന്‍റെ തീരുമാനങ്ങളെയെല്ലാം കണ്ണടച്ച് വിമർശിക്കുക എന്നതിൽ മാത്രം കോൺഗ്രസ് ഒതുങ്ങി. ജനങ്ങൾക്ക് ഒരു ബദലായി വളരാൻ പാർട്ടിക്കായില്ല. ദില്ലിയിലെത്തി പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതുകേൾക്കാൻ പോലും നേതാക്കൾ കൂട്ടാക്കുന്നില്ല. മൊബൈൽ ഫോണിലെ സന്ദേശം പരിശോധിക്കാനാണ് സംസാരത്തിനിടയിൽ നേതാക്കൾക്ക് താല്‍പ്പര്യം തുടങ്ങി വിമര്‍ശനങ്ങളുടെ പട്ടിക നീളുന്നു.
രാഹുൽ ഗാന്ധിയെയും കത്തിൽ പരോക്ഷമായി വിമർശിക്കുന്നുണ്ട്. രാജ്യം പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ നേതാക്കൾ വിദേശത്ത് ആഘോഷത്തിലാണെന്ന പ്രസ്താവനയാണത്. ട്വിറ്ററിൽ നിന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് എന്ന വിലാസം നീക്കിയ ഹാർദിക് പുറത്ത് പോവലിന്‍റെ സൂചന നേരത്തെ നൽകിയിരുന്നു. പക്ഷെ രാഹുൽ ഗാന്ധിക്കൊപ്പം ദിവസങ്ങൾക്ക് മുൻപ് ഒരു പൊതു വേദിയിലെത്തിയതോടെ മഞ്ഞുരുകലാണെന്ന് ചിലരെങ്കിലും കരുതി. അതേസമയം ബിജെപിയുടെ ഭാഷയാണ് ഹാർദിക്കിന്‍റേതെന്നായിരുന്നു രാജിയോട് എഐസിസിയുടെ പ്രതികരണം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കാലത്താണ് സോഷ്യൽ എഞ്ചിനീയറിംഗിന്‍റെ ഭാഗമായി പട്ടേൽ സമുദായ നേതാവിനെ കോൺഗ്രസ് പാളയത്തിലെത്തിച്ചത്. ഈ വർഷം അവസാനം സംസ്ഥാനത്ത് മറ്റൊരു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹാർദിക്കിന്‍റെ രാജിയെന്നത് ശ്രദ്ധേയമാണ്. കോൺഗ്രസിൽ നിന്ന് എങ്ങോട്ടെന്ന് ഹാർദിക് പറഞ്ഞിട്ടില്ലെങ്കിലും നേട്ടം ബിജെപിക്ക് തന്നെയാണ്.