ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കരുതലോടെ നീങ്ങാന്‍ കോണ്‍ഗ്രസ്. നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തി ബിജെപി കെണിയില്‍ ചാടരുതെന്ന് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപി തന്ത്രത്തില്‍ നേതാക്കള്‍ കുടുങ്ങരുതെന്നാണ് നിര്‍ദേശം. തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
ലോക്‌സഭ – നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള തന്ത്രങ്ങളാണ് ഹൈദരാബാദില്‍ ചേര്‍ന്ന രണ്ടുദിവസത്തെ പ്രവര്‍ത്ത സമിതി യോഗം ആവിഷ്‌കരിച്ചത്. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. വ്യക്തി താല്‍പര്യം മാറ്റിനിര്‍ത്തി വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചു.
മണ്ഡലങ്ങളില്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും 2024 ല്‍ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ആഹ്വാനം നല്‍കി. ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപി തന്ത്രത്തില്‍ നേതാക്കള്‍ കുടുങ്ങരുതെന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ വ്യക്തത ഉണ്ടാകണമെന്നാണ് ആസന്നമായ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. കര്‍ണാടക വിജയം നല്‍കിയ ഊര്‍ജ്ജം നേതാക്കളില്‍ പ്രകടമാണ്. തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്,മിസോറാം തുടങ്ങി ഈവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്ന് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍.