കണ്ണൂർ: കെ റെയിൽ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരികയും ചർച്ചയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇതിനായി കെ റെയിൽ പദ്ധതിയെ തുറന്നു കാട്ടുന്ന ലഘുരേഖകളുമായി അടുത്ത ആഴ്ച മുതൽ കോൺഗ്രസ് പ്രവർത്തകർ വീടുകൾ കയറി പ്രചാരണം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു. രണ്ട് ലക്ഷം കോടിയുടെ പദ്ധതിയാണ് കെ റെയിൽ. സ്വന്തം ഏജൻസിയെ വച്ച് ഈ പദ്ധതി നടപ്പാക്കി പണം തട്ടാം എന്ന് മുഖ്യമന്ത്രി കരുതേണ്ട. കെ റെയിൽ പദ്ധതിയിൽ ജനാഭിപ്രായം അറിയണം എന്ന് എല്ലാവരും പറഞ്ഞിട്ടും സർക്കാർ അതിന് തയ്യാറായില്ലെന്നും പദ്ധതിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.