തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥിയെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് കെപിസിസി. അധ്യക്ഷൻ കെ. സുധാകരൻ. തീരുമാനം സൗമ്യമായി ഉണ്ടാകുമെന്നും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച മുൻ എംഎൽഎ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേരാണ് പൊതുവിൽ യുഡിഎഫിൽ ഉയർന്ന് കേൾക്കുന്നത്. എന്നാൽ ഉമയുടെ സ്ഥാനാർഥിത്വത്തോട് ഡൊമിനിക് പ്രസന്റേഷൻ പരോക്ഷമായി വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പായതിനാൽ സാമൂഹിക സമവാക്യങ്ങൾ പ്രധാനമാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. സാമൂഹിക സമവാക്യം തെറ്റിയാൽ യുഡിഎഫിന് പാളുമെന്നും ഡൊമിനിക് പ്രസന്റേഷൻ മുന്നറിയിപ്പ് നൽകി. സ്ഥാനാര്‍ഥിയെപ്പറ്റി തന്നോട് ഇതുവരെ ചോദിച്ചിട്ടില്ലെന്നും പ്രഖ്യാപനം വന്നാൽ അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












