കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാർച്ചിൽ സംഘർഷം. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. പോലീസിന് നേരെ ചെരിപ്പേറുണ്ടായി. കൊല്ലത്ത് ആർവൈഎഫ് മാർച്ചിൽ കല്ലേറും ലാത്തിച്ചാർജ്ജും ഉണ്ടായി. പോലീസുകാരനും പ്രവര്‍ത്തകനും പരിക്കേറ്റു. കൊച്ചിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു. കോട്ടയത്ത് പോലീസിന് നേരെ കുപ്പിയേറും കല്ലേറുമുണ്ടായി.
കണ്ണൂരിലെ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി സംഘര്‍ഷമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസഡിന്‍റ് കെ സുധാകരന് പോലീസ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് ഉറപ്പുവരുത്തണം. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കെ സുധാകരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് മാര്‍ച്ചിന് മുന്നോടിയായി കണ്ണൂരില്‍ വന്‍ പോലീസ് സന്നാഹത്തെ എത്തിച്ചിരുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമായി 200 പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചത്.