ന്യൂഡൽഹി: പാർട്ടി തലപ്പത്ത് ഗാന്ധി കുടുംബമില്ലെങ്കിൽ കോൺഗ്രസിനെ ഒന്നിപ്പിക്കാൻ സാധ്യമല്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധ ശബ്ദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസിനെ ഒന്നിപ്പിച്ച് നിർത്താൻ സാധിക്കില്ല. കോൺഗ്രസ് പാർട്ടിയുടെ ഒത്തൊരുമയ്ക്ക് ഏറെ പ്രധാനപ്പെട്ടവരാണ് അവർ. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് അതിജീവിക്കുക അസാധ്യമാണ്’. ഡി.കെ ശിവകുമാർ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.
പാർട്ടി വിട്ട് പോകുന്ന നേതാക്കളെയൊക്കെ ഒന്നിച്ച് നിർത്തുന്നതിൽ നേതൃത്വം പരാജയപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്; അധികാര മോഹമുള്ളവർക്കും വ്യക്തി താൽപര്യം ആഗ്രഹിക്കുന്നവർക്കും പാർട്ടിയിൽ നിന്ന് പോകാം. ബാക്കിയുള്ളവർ അധികാരത്തിൽ താൽപര്യമുള്ളവരല്ല. ഞങ്ങൾ കോൺഗ്രസ് പാർട്ടിയോടും പ്രത്യശാസ്ത്രത്തോടും വിശ്വാസ്യത പുലർത്തുന്നവരാണ്. എല്ലായ്പ്പോഴും ഞങ്ങൾ ഗാന്ധി കുടുംബത്തോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.