ഹൈദരാബാദ്: വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ ഉറപ്പിച്ച് കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം അവസാനിച്ചു.ഹൈദരാബാദിൽ ഇന്ന് ചേർന്ന വിശാലപ്രവർത്തകസമിതി യോഗവും അവസാനിച്ചു.വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ സംഘടനയുടെ കെട്ടുറപ്പ് ഒന്ന് കൂടി ഊട്ടിയുറപ്പിച്ചെന്ന് കോൺഗ്രസ് വ്യക്തമാക്കി.മാറ്റം അനിവാര്യമെന്നും അത് ജനം ആഗ്രഹിക്കുന്നെന്നും പ്രവര്‍ത്തക സമിതി പ്രസ്താവനയില്‍ പറഞ്ഞു.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നിയമഭേദഗതിയെയും സിഇസി നിയമനബില്ലിനെയും ശക്തമായി എതിർക്കാൻ തീരുമാനിച്ച് കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിന്‍റെ ആദ്യദിനം പ്രമേയം പാസ്സാക്കിയിരുന്നു . സനാതനധർമ വിവാദത്തിലടക്കം തലയിടാതെ കരുതലോടെ ലോക്സഭാ തെരഞ്ഞെടുപ്പ് നയങ്ങൾ രൂപീകരിക്കാനാണ് കോൺഗ്രസ് നീക്കം. ഇന്ത്യ മുന്നണിയുമായി സഹകരിക്കണമെന്ന് യോഗത്തിൽ സോണിയാ ഗാന്ധി സംസ്ഥാനഘടകങ്ങളോട് നിർദേശിച്ചു.
തെലങ്കാന സംസ്ഥാനരൂപീകരണത്തിന് ശേഷം ആദ്യമായി കോൺഗ്രസിന്‍റെ ഏറ്റവും വലിയ സംഘടനായോഗം ഹൈദരാബാദിൽ നടത്താൻ തീരുമാനിച്ചത് വരാനിരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ്. പക്ഷേ, പ്രവർത്തകസമിതിയിൽ പ്രധാനമായും ലക്ഷ്യമിട്ടത് ഡിസംബറിൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നയരൂപീകരണമാണ്.