ഉത്തർപ്രദേശിലെ അമേത്തിയിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 55,000 വോട്ടുകൾക്കാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ തോൽപിച്ചത്. സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെ അവർ മത്സരിച്ച റായ്ബറേലി മണ്ഡലത്തിലാണ് രാഹുൽ ഇത്തവണ ജനവിധി തേടിയത്.
കൂടാതെ, വയനാട് മണ്ഡലത്തിലും മത്സരിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച ഒരേയൊരു മണ്ഡലമായിരുന്നു റായ്ബറേലി. പകരം ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ കിഷോരി ലാൽ മിശ്രയെ അമേത്തിയിൽ സ്മൃതിക്കെതിരെ രംഗത്തിറക്കി. ആ തീരുമാനം തെറ്റിയില്ല, 1.67 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കേന്ദ്ര മന്ത്രി കൂടിയായ സ്മൃതിയെ കിഷോരി ലാൽ മലർത്തിയടിച്ചത്. ഏറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അവസാന ദിവസമാണ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി കിഷോരി ലാലിന്‍റെ പേര് പ്രഖ്യാപിക്കുന്നത്.
റായ്ബറേലി, അമേത്തി മണ്ഡലങ്ങളുടെ പ്രചാരണ ചുമതല രാഹുലിന്‍റെ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കായിരുന്നു. 1983ൽ രാജീവ് ഗാന്ധിക്കൊപ്പമാണ് കിഷോരി ലാൽ ആദ്യമായി രാഷ്ട്രീയ രംഗത്തേക്ക് ചുവടു വെക്കുന്നത്, അതും അമേത്തിയിൽ. 1991ൽ രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം ഗാന്ധി കുടുംബവുമായുള്ള ശർമയുടെ ബന്ധം കൂടുതൽ ദൃഢമായി. 1999ൽ സോണിയ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിൽ കിഷോരി ലാൽ നിർണായക പങ്കുവഹിച്ചിരുന്നു.
സോണിയക്കുവേണ്ടി റായ്ബറേലി മണ്ഡലത്തിലെ കാര്യങ്ങൾ നോക്കിയിരുന്നതും കിഷോരി ലാലായിരുന്നു. കിഷോരി ലാൽ ജയിക്കുമെന്നതിൽ തനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രിയങ്ക പ്രതികരിച്ചത്. ‘തുടക്കത്തിൽതന്നെ കിഷോരി ലാൽ ജയിക്കുമെന്നതിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തിനും അമേത്തിയിലെ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി’ -പ്രിയങ്ക എക്സിൽ കുറിച്ചു.
കിഷോരി ലാൽ 5,39,228 വോട്ടുകളാണ് നേടിയത്. രണ്ടാമതുള്ള സ്മൃതി 3,72,032 വോട്ടുകളും. ഭൂരിപക്ഷം 1,67,196 വോട്ടുകൾ.