മുംബൈ: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നത് സജീവമായി പരിഗണിക്കണമെന്ന് കോടതി. മറ്റ് പല രാജ്യങ്ങളും ഇതിന് 14-നും 16-നും ഇടയില്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോംബെ ഹൈക്കോടതി ഇക്കാര്യത്തില്‍ നിയമനിര്‍മാണ സംവിധാനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചത്. ഇന്ത്യയില്‍ നിലവിലെ പ്രായപരിധിയായ 18 വയസ്സ് ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്നതാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിന് പ്രായപൂര്‍ത്തിയാവാത്തവരെ ശിക്ഷിക്കുന്നത് അവരുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഉഭയസമ്മതത്തോടെ ബന്ധം പുലര്‍ത്തിയതിന് 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ അപ്പീല്‍ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണം. ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ ഇന്ത്യയും ശ്രദ്ധിക്കണം. കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് താല്‍പര്യവിരുദ്ധമായി ആളുകള്‍ നിയമം മൂലം ശിക്ഷിക്കപ്പെടുന്നതുമെന്നും കോടതി പറഞ്ഞു.