തിരുവനന്തപുരം : വിഴിഞ്ഞത്ത് സമവായ നീക്കം സജീവമാക്കി സംസ്ഥാന സർക്കാർ. വിഴിഞ്ഞം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകീട്ട് 5 ന് മന്ത്രിസഭ ഉപസമിതി യോഗം ചേരും. അതിന് ശേഷം സമര സമിതിയുമായി ചർച്ച നടത്താനും സാധ്യതയുണ്ട്.
കർദ്ദിനാൾ ക്ലിമിസ് ബാവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. അതിന് ശേഷം ക്ലിമിസ് ബാവ മുഖ്യമന്ത്രിയുമായും ചർച്ച നടത്തി. തീരശോഷണം പഠിക്കാനുള്ള സമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന ഒരു വ്യക്തിയുണ്ടായിരിക്കണമെന്ന നിർദ്ദേശമാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത്. പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേസിലെ പൊലീസ് മെല്ലപ്പോക്കടക്കം ചർച്ചയായിട്ടുണ്ട്. ഈ ചർച്ചകളിൽ ഉരിത്തിരിഞ്ഞ കാര്യങ്ങളെല്ലാം മന്തിമാരുമായി മുഖ്യമന്ത്രി ചർച്ച ചെയ്യും.