തിരുവനന്തപുരം> ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ കൈക്കൂലി ആരോപണമുന്നയിക്കാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം സ്വദേശി കെ പി ബാസിതിനെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റെ് പൊലീസ് അറസ്റ്റ് ചെയ്തത്.
മന്ത്രി ഓഫീസിനെതിരെ ആരോപണമുന്നയിക്കാന്‍ ഹരിദാസനെ പ്രേരിപ്പിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയാക്കിയതും ബാസിതാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മഞ്ചേരിയില്‍ നിന്ന് ബുധനാഴ്ച തിരുവനന്തപുരത്തെത്തിക്കുന്ന ബാസിതിനെയും ഹരിദാസനെയും പൊലീസ് കസ്റ്റഡിയിലുള്ള റയീസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതോടെ ഗൂഢാലോചനയുടെ ചുരുളഴിച്ചെടുക്കാന്‍ പൊലീസിനാകും.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി കൈക്കൂലി ആരോപണം ഉന്നയിക്കാന്‍ തീരുമാനിച്ച ശേഷമാണ് ബാസിത് സെക്രട്ടറിയേറ്റിലെത്തി പ്രൈവറ്റ് സെക്രട്ടറിയോട് പരാതി പറഞ്ഞത്. ഇതിന് രണ്ടാഴ്ച മുമ്പായിരുന്നു ഗൂഢാലോചന. ബാസിതും ഹരിദാസനും റയീസുമടക്കമുള്ളവര്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളായി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനായ നൗഫല്‍ പരാതി തയ്യാറാക്കിയതും സ്വകാര്യ ചാനലില്‍ ഹരിദാസന്‍ അഭിമുഖം നല്‍കിയതും. ഗൂഢാലോചനയില്‍ മാധ്യമ പ്രവര്‍ത്തകന്‍ പങ്കാളിയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ മൂവരെയും ചോദ്യം ചെയ്യുന്നതോടെ പുറത്തുവരും.
അതേസമയം, രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ ഹരിദാസന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. ഇതിനായി കന്റോണ്‍മെന്റ് പൊലീസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി. ഗൂഢാലോചനയില്‍ നിര്‍ണായക പങ്കുള്ള ഹരിദാസനെയും പ്രതിചേര്‍ത്ത് അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് ആലോചിക്കുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ മൂന്നാം പ്രതി റയീസിനെ തിരുവനന്തപുരം സിജെഎം കോടതി മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.