കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദം ശാസ്ത്രീയമായി പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ആലുവ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ ശബ്ദം പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുക. ഗൂഢാലോചനയ്ക്കുള്ള പ്രധാന തെളിവായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദ രേഖകളിലുളളത് ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദം തന്നെയാണ് എന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണിത്.
ഇതിനിടെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയ ഫോണുകളാണ് കോടതി മുഖാന്തിരം ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടുക. ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറരുതെന്നും കോടതി മേല്‍നോട്ടത്തില്‍ പരിശോധന വേണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറുന്നതിനെ പ്രോസിക്യൂഷനും എതിര്‍ത്തില്ല. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.