കൊച്ചി : വധഗൂഢാലോചന കേസിൽ പ്രതികൾ അവസാനം നൽകിയ ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് ലഭിക്കും. ഫോണിൽ നിന്ന് നിർണ്ണായക തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് . ഇതിനിടയിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ക്രൈം ബ്രാഞ്ച് സജീവമാക്കി.ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുകാട്ടി ദിലീപിന് ഉടൻ നോട്ടിസ് നൽകും. പ്രതികളുടെ ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെയും വരും ദിവസങ്ങളിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ക്രൈംബ്രാഞ്ചിന്റെ നിർദ്ദേശം അനൂപിനും സുരാജിനും ലഭിച്ചു. തിങ്കളാഴ്ച ഹാജരാകണമെന്നാണ് സുരാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം പിടിച്ചെടുത്ത ഫോണുകളുടെ പരിശോധനാഫലം കിട്ടിയിട്ടുണ്ട്. കൂടുതൽ പേരിൽ നിന്ന് അന്വേഷണ സംഘം ഉടൻ മൊഴിയെടുക്കും. ബുധനാഴ്ച ഹാജരാകണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് അനൂപിനു നോട്ടിസ് അയച്ചിരുന്നു. എന്നാൽ, തന്റെ ബന്ധു മരിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി അനൂപ് ചോദ്യം ചെയ്യലിന് എത്തിയില്ല.
വധഗൂഢാലോചന കേസിൽ, എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.