മലപ്പുറം: സ്ഥിരം ശല്യമായതോടെ കരുവാരക്കുണ്ട് പഞ്ചായത്തിൽ കൊന്നൊടുക്കിയത് എട്ട് കാട്ടുപന്നികളെ. കർഷകരുടെ അഭ്യർത്ഥന മാനിച്ച് ഗ്രാമപ്പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും അനുമതിയോടെ പ്രത്യേക സംഘമെത്തിയാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്.
കഴിഞ്ഞ ദിവസം പയ്യാക്കോട്, വാക്കോട്, കണ്ണത്ത് എന്നിവടങ്ങളിൽ നിന്നായി എട്ട് പന്നികളെയാണ് വകവരുത്തിയത്. കരുവാരക്കുണ്ട് ഉൾപ്പടെയുള്ള മേഖലകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം റോഡിന് കുറുകെയോടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.തുടർന്ന് കർഷകരുടെ അഭ്യർഥന പ്രകാരം വനം വകുപ്പിന്റെ അനുമതിയുള്ള പ്രത്യേക സംഘമാണ് കരുവാരക്കുണ്ടിൽ പന്നി വേട്ട നടത്തുന്നത്.
പ്രത്യേകം പരിശീലനം സിദ്ധിച്ച വേട്ടനായ്ക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കാട്ടുപന്നികളെ കൃഷിയിടത്തിലെത്തി വകവരുത്തുന്നത് സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് ആശയകുഴപ്പമുണ്ടായത് വേട്ടയാടൽ അൽപം വൈകിപ്പിച്ചു.
പിന്നീട് കർഷകരുടെ ആവശ്യം പരിഗണിച്ച് പന്നികളെ വെടിവെച്ചിടാൻ അനുമതി നൽകുകയായിരുന്നു. വെടിവെച്ച് കൊന്ന കാട്ടുപന്നികളെ കണ്ണത്തെ മണിമല മാനുവൽ കുട്ടിയുടെ ഭൂമിയിൽ സംസ്കരിച്ചു. വരും ദിവസങ്ങളിലും ഇത്തരം നടപടികൾ തുടരുമെന്നും, ഗ്രാമപ്പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.