ചെന്നൈ: ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിൽ ചിലന്തിയാറിന് കുറുകെ തടയണ നിർമിക്കാൻ പരിസ്ഥിതി, ദേശീയ വന്യജീവി ബോർഡ് അനുമതി നൽകിയിട്ടുണ്ടോയെന്നും അനുമതി ലഭിച്ചിട്ടില്ലെങ്കിൽ പ്രവൃത്തി അടിയന്തരമായി നിർത്തിവെക്കണമെന്നും ദക്ഷിണമേഖല ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടു.
മാധ്യമ വാർത്തകളെ തുടർന്ന് ദക്ഷിണ മേഖല ഹരിത ട്രിബ്യൂണൽ ജഡ്ജിമാരായ പുഷ്പ സത്യനാരായണ, സത്യ ഗോപാൽ എന്നിവരുടെ ബെഞ്ച് സ്വമേധയാ വിഷയം ഏറ്റെടുക്കുകയായിരുന്നു. തടയണയുടെ നിർമാണം മൂലം തമിഴ്‌നാടിനുണ്ടായ നാശനഷ്ടത്തെക്കുറിച്ച് വിശദീകരണം നൽകാൻ സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ട ട്രിബ്യൂണൽ കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. തടയണക്കെതിരെ തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷ കക്ഷികളായ ബി.ജെ.പി, അണ്ണാ ഡി.എം.കെ, പാട്ടാളി മക്കൾ കക്ഷി എന്നിവർ രംഗത്തെത്തിയിരുന്നു.
തിരുപ്പൂർ ജില്ലയിലെ അമരാവതി ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാനാണ് കേരളം ശ്രമിക്കുന്നതെന്ന് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി ആരോപിച്ചു. തമിഴ്നാട് സർക്കാറിന്റെ അനാസ്ഥമൂലം കാവേരിയുടെ പോഷകനദിയായ അമരാവതി നദി ഇല്ലാതാവുമെന്ന് പാട്ടാളി മക്കൾ കക്ഷി നേതാവ് ഡോ.അൻപുമണി രാമദാസ് അഭിപ്രായപ്പെട്ടു.