കല്പറ്റ : വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ. വീടുചുമരിന്റെ തേപ്പ്, വയറിങ്, പ്ലമ്പിങ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മാതൃകാവീടിനൊപ്പംതന്നെ മറ്റുവീടുകളുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. മാതൃകാവീടുൾപ്പെടുന്ന ടൗൺഷിപ്പിന്റെ ഒന്നാം സോണിൽ ആകെ 140 വീടുകളാണ് നിർമിക്കുന്നത്. ഇതിൽ 140 വീടുകൾക്കുള്ള സ്ഥലവും ഒരുക്കിക്കഴിഞ്ഞു. 100 വീടുകളുടെ സ്ഥലത്തിന്റെ അതിർത്തി അടയാളപ്പെടുത്തി. 51 വീടുകളുടെ ഫൗണ്ടേഷൻ കുഴിയെടുക്കൽ പൂർത്തിയായി. 42 എണ്ണത്തിന്റെ പിസിസി വർക്കും കഴിഞ്ഞു. 23 വീടുകളുടെ ഫൗണ്ടേഷൻ കോൺക്രീറ്റും കഴിഞ്ഞു. രണ്ട്, മൂന്ന് സോണുകളിൽ വീടുകൾക്കായുള്ള സ്ഥലമൊരുക്കൽ പുരോഗമിക്കുകയാണ്. രണ്ടാമത്തെ സോണിലെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.