പാലാ: മീനച്ചിലാറിൻ്റെ സ്വന്ദര്യം നുകർന്ന് പാലാക്കാർക്ക് ആകാശപാതയിൽ ആറാടാനുള്ള നഗരത്തിൻ്റെ സ്വപ്ന പദ്ധതിയായ ഒരു കിലോമീറ്റർ ദൂരത്തിൽ മീനച്ചിലാറിൻ്റെ തീരം വഴി നിർമ്മിക്കുന്ന തടസ്സരഹിത അതിവേഗ പാത കൂടിയായ പാലാ റിവർവ്യൂ ആകാശപാതയുടെ മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. എലിവേറ്റഡ് ബൈപാസിനായുള്ള പൈലുകൾ നാളുകൾക്ക് മുൻപ് പൂർത്തിയായിരുന്നുവെങ്കിലും ഉപരിതല കോൺക്രീറ്റിംഗ് മുടങ്ങിക്കിടക്കുകയായിരുന്നു.
പാലം നിർമ്മാണം പൂർത്തിയാക്കുവാൻ ഇടപെടൽ ആവശ്യപ്പെട്ട് എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃത്വവും നഗരസഭയും അഭ്യർത്ഥിച്ചതനുസരിച്ച് ജോസ്.കെ.മാണി എം.പി. വിഷയം ഇക്കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ശ്രദ്ധയിൽ പെടുത്തി നടത്തിയ പ്രത്യേക ചർച്ചയെ തുടർന്നാണ് റിവർവ്യൂ ബൈപാസിൻ്റെ അവസാനഘട്ട നിർമ്മാണം പുനരാരംഭിക്കുവാൻ നടപടിയായത്.
ഇതേ തുടർന്ന് പൊതുമരാമത്ത് എൻജിനീയറിംഗ് വിഭാഗം കരാറുകാരുമായി തുടർ ചർച്ചകൾ നടത്തി അവശേഷിക്കുന്ന നിർമ്മാണം ആരംഭിക്കുകയായിരുന്നു.
ഇന്ന് റോഡിൻ്റെ ഉപരിതല കോൺക്രീറ്റിംഗ് ആരംഭിച്ചു.നഗരത്തിൻ്റെ മുഖഛായ മാറ്റുന്നതും നഗര വാഹന ഗതാഗതം സുഗമമാക്കുന്നതിന് ഉതകുന്നതുമായ ഈ ബൃഹത് പദ്ധതി ഇനി മുടങ്ങാതെ അവസാന ഘട്ടം വരെ തുടർച്ചയായി നടക്കുമെന്ന് പുനരാരംഭിച്ച നിർമ്മാണ പ്രവർത്തനം വിലയിരുത്തുവാൻ എത്തിയ ജോസ് കെ.മാണി എം.പി പറഞ്ഞു.പൊതുമരാമത്ത് എഞ്ചിനീയർമാരുമായി ചർച്ച നടത്തുകയും ചെയ്തു. അനുകൂല കാലാവസ്ഥ പ്രയോജനപ്പെട്ടു ത്തി മഴക്കാലം ആരംഭിക്കുന്നതിനു മുമ്പായി പരമാവധി നിർമ്മാണം പൂർത്തിയാക്കുവാൻ അദ്ദേഹം നിർദ്ദേശിച്ചു.2013-ലെ സംസ്ഥാന ബജറ്റിലാണ് ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി പാലായ്ക്കായി ആകാശപാത പദ്ധതി പ്രഖ്യാപിച്ചത്.
47 കോടിയാണ് ആകെ പദ്ധതി ചിലവ് .14 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി നൽകി.
12 മീറ്റർ വീതിയിൽ ഇരുനിര വാഹന ഗതാഗതത്തിനുള്ള സൗകര്യത്തോടെയാണ് നിർമ്മാണം. പ്രഭാത സായാഹ്നസവാരിക്കായി രണ്ട് മീറ്റർ ഹെൽത്ത് വാക്വേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 14 സ്പാനുകളിലായി 147 പൈലുകളും 49 പൈൽ ക്യാപുകളുo I 76 ഗർഡറുകളും ഈ പദ്ധതിക്കായി നിർമ്മിച്ചു കഴിഞ്ഞു.പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കോട്ടയം പാതയിൽ കൊട്ടാരമറ്റം വരെയാണ് നിർദ്ദിഷ്ഠ എലിവേറ്റഡ് ബൈപാസ് .2018-ൽ നിർമ്മാണം ആരംഭിച്ചെങ്കിലും കനത്ത മഴയും വെള്ളം പൊക്കങ്ങളും കോവിഡ്നിയന്ത്രണങ്ങളും പദ്ധതിയുടെ തുടർച്ചയായ നിർമ്മാണ ഘട്ടത്തിൽ നിരവധിയായ തടസ്സങ്ങൾ സൃഷ്ടിച്ചു. മൂവാറ്റുപുഴ കേന്ദ്രമായ അക്ഷയ കൺസ്ട്രക്ഷൻസാണ് നിർമ്മാണം നടത്തുന്നത്.
ഈ ആകാശപാതയുടെ ഓരത്ത് മീനച്ചിലാറ്റിൽ വാട്ടർ അതോറിട്ടറി വള്ളിച്ചിറ- ളാലം വില്ലേജ് ശുദ്ധജല വിതരണ പദ്ധതിക്കായി നിർമ്മിച്ചിരിക്കുന്ന കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുവാൻ ജലവിഭവ വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുള്ളതായും ജോസ്.കെ.മാണി എം.പി പറഞ്ഞു.റോഡ് നിർമ്മാണം മൂലമാണ് കിണറിൽ നിന്നുമുള്ള പൈപ്പുകൾ വിതരണലൈനുകളുമായി യോജിപ്പിക്കുവാൻ കഴിയാതെ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തടസ്സം ഉടൻ പരിഹരിച്ച് പൈപ്പുലൈനുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാലാ മേഖലയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടൽ ഉണ്ടായിരുക്കുമെന്നും ജോസ്.കെ.മാണി പറഞ്ഞു. ഇവിടെ നിന്നും നഗര ജലവിതരണ പദ്ധതിയിലേക്ക് അഡീഷണൽ ലൈൻ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതയും പരിശോധിക്കുമെന്നും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ജോസ് കെ.മാണി പറഞ്ഞു.നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,പി എം ജോസഫ്, ഫിലിപ്പ് കുഴികുളം, ബാബു.കെ.ജോർജ്, ബെന്നി മൈലാടൂർ, തോമസ് ആൻ്റണി, ബൈജു കൊല്ലംപറമ്പിൽ, ബിജു പാലൂപവൻ, ജയ്സൺ മാന്തോട്ടം, കുഞ്ഞുമോൻ മാടപ്പാട്ട് എന്നിവരും പങ്കെടുത്തു.