മലപ്പുറം: ഓണ്‍ലൈന്‍ വഴി വാങ്ങിയ മൊബൈല്‍ ഫോൺ തകരാറിലായതിന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ ഫോറം വിധി. നിലമ്പൂര്‍ വീട്ടിക്കുത്ത് കോടതി ലിങ്ക് റോഡിലെ പഴമ്പാലക്കോട് സുരേഷ് ബാബുവിന്റെ പരാതിയിലാണ് നടപടി. കോടതി ചെലവടക്കം 35,290 നല്‍കാനാണ് വിധി. 2021 ജൂണ്‍ 24നാണ് സുരേഷ് ബാബു ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന എംഐ മൊബൈല്‍ സ്റ്റോറില്‍ നിന്ന് 23,290 രൂപയുടെ മൊബൈലിന് ഓണ്‍ലൈന്‍ വഴി ഓഡര്‍ ചെയ്തത്.
29ന് മൊബൈല്‍ ലഭിച്ചെങ്കിലും തകരാറിലായതിനാല്‍ ഉപയോഗിക്കാനായില്ല. ഉടന്‍ തന്നെ പരാതി അറിയിച്ചെങ്കിലും ആറ് ദിവസം കാത്തിരിക്കാനായിരുന്നു മാറുപടി. എന്നാല്‍ ആറ് ദിവസത്തിന് ശേഷം പരാതി അറിയിച്ചപ്പോള്‍ പരാതിപ്പെടാനുള്ള കാലാവധി കഴിഞ്ഞെന്നാണ് മറുപടി ലഭിച്ചത്. പിന്നീട് സര്‍വീസ് സെന്ററുമായി ബന്ധപ്പെടാനാണ് നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്ന് തിരൂരിലെ സര്‍വീസ് സെന്ററില്‍ പോയി സര്‍വീസ് നടത്തിയെങ്കിലും ഉപയോഗിക്കാനായില്ല. ഇതോടെയാണ് ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കിയത്.ഒന്നര വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അനുകൂലവിധി. ഫോണിന്റെ വിലയായ 23,290 രൂപയും 10,000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും ഉള്‍പ്പെടെയാണ് 35290 നഷ്ടപരിഹാരം നല്‍കാനാണ് വിധി. ആറ് മാസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ 12 ശതമാനം പിഴയടക്കം അടക്കണമെന്നും വിധിയിലുണ്ട്.