തിരുവനന്തപുരം : അരിയുടെ കയറ്റുമതി നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. ആഭ്യന്തരവിപണിയില്‍ അരിയുടെ ലഭ്യത ഉറപ്പാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനാണ് കയറ്റുമതി നിയന്ത്രണം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അരിവില വീണ്ടും വര്‍ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കയറ്റമതി തോത് ഉയര്‍ത്തണമെന്ന ആവശ്യവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തുകയാണ്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ വിതരണശ്രംഖല നിരവധി പ്രതിസന്ധികള്‍ നേരിട്ടുവെന്നും കയറ്റുമതി തോത് ഉയര്‍ത്തണമെന്നുമാണ് വിവിധ രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍ പണപ്പെരുപ്പവും വിലക്കയറ്റവും നിലവിട്ടുയരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനും ശ്രദ്ധയൂന്നാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇന്ധനവില കുറച്ചതുകൊണ്ട് മാത്രം മതിയാകില്ല എന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാരുള്ളത്. പഞ്ചസാര കയറ്റുമതിക്ക് ഇന്നലെ മുതല്‍ ഒക്ടോബര്‍ 31 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിദേശത്ത് നിന്ന് പഞ്ചസാര വാങ്ങാന്‍ വ്യാപാരികള്‍ അനുമതി തേടണമെന്നാണ് നിര്‍ദേശം. അസംസ്‌കൃതമോ ശുദ്ധീകരിച്ചതോ ആയ എല്ലാത്തരം പഞ്ചസാര കയറ്റുമതിക്കും വിലക്ക് ബാധകമാണ്. വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പാദകരാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്നത് ഈ സീസണിലാണ്. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തുന്നത്. 100 ലക്ഷം മെട്രിക് ടണ്‍ എന്ന പരിധിയാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ മറ്റ് നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷം 20 ലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത സോയാബീന്‍ എണ്ണയും അസംസ്‌കൃത സണ്‍ഫ്‌ലവര്‍ ഓയിലും രണ്ട് സാമ്പത്തിക വര്‍ഷക്കാലത്തേക്ക് തീരുവയില്ലാതെ ഇറക്കുമതി ചെയ്യും. ഇതോടെ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഉടന്‍ വില കുറയും.