വാഷിംഗ്ടൺ : വൈറ്റ് ഹൗസിൽ പത്രസമ്മേളനം നടത്തുന്നതിനിടെ ഫോക്സ് ന്യൂസിന്റെ മാധ്യമപ്രവർത്തകനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അസഭ്യം പറയുന്നത് ലൈവായി ജനം കേട്ടു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ചയായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ് മാധ്യമപ്രവർത്തകർ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ, ഫോക്സ് ന്യൂസിലെ ഒരു റിപ്പോർട്ടർ, വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന് ചോദ്യം ബൈഡനോട് ഉന്നയിച്ചു. എന്നാൽ തന്റെ മുന്നിലുള്ള മൈക്ക് ഓൺ ആണെന്ന് അറിയാതെ സ്റ്റുപിഡ്, സൺ ഓഫ് എ ബിച്ച് എന്നാണ് അമേരിക്കൻ പ്രസിഡന്റ് ചോദ്യത്തോട് പ്രതികരിച്ചത്. എന്നാൽ അപ്പോൾ മുറിയിലെ ബഹളത്തിനിടയിൽ യഥാർത്ഥത്തിൽ ബൈഡൻ പറഞ്ഞത് എന്താണെന്ന് കോൾക്കാനായില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു റിപ്പോർട്ടർ പറഞ്ഞു.
പിന്നീട് ഫോക്സിൽ നൽകിയ അഭിമുഖത്തിൽ അപമാനം നേരിട്ട മാധ്യമപ്രവർത്തകൻ പീറ്റർ ഡൂസി സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. ആരും ഇതുവരെ പ്രസിഡന്റ് പറഞ്ഞ കാര്യത്തെ ഫാക്ട് ചെക്ക് ചെയ്തതായി കണ്ടില്ലെന്നും പരിഹാസരൂപേണ പറഞ്ഞു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ ഡൂസിയെ അനുകൂലിച്ചും ബൈഡനെതിരെയും പോസ്റ്റുകൾ വന്നുതുടങ്ങിയിരുന്നു. സംഭവം വിവാദമായതോടെ ഒരു മണിക്കൂറിനുള്ളിൽ ബൈഡൻ തന്നെ വിളിക്കുകയും ഇത് വ്യക്തിപരമായി എടുക്കേണ്ടതില്ല സുഹൃത്തേ എന്ന് തന്നോട് പറഞ്ഞതായും പീറ്റർ ഡൂസി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് ഇത്തരം അബദ്ധങ്ങൾ സംഭവിക്കുമ്പോൾ ഉടനെ തന്നെ വാക്കുകൾ പിൻവലിക്കാനോ വിശദീകരണം നൽകാനോ ശ്രമിക്കുന്ന വൈറ്റ് ഹൗസ് പക്ഷെ ഈ വിഷയത്തിൽ കൂടുതൽ ഇടപെടലുകൾ നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്. ബൈഡന്റെ വിവാദ പരാമർശം ഉൾപ്പെടുന്ന പരിപാടിയുടെ ട്രാൻസ്ക്രിപ്റ്റ് പുറത്തുവന്നതോടെ ഈ പരാമർശം ഔദ്യോഗിക ചരിത്രരേഖയുടെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.