തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിവാദപരാമർശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ നിയമനടപടിയെ കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കുമെന്ന് പി രാജീവ്. ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. ജനങ്ങളിൽ നിന്ന് ശക്തമായ വികാരം ഉണ്ടാകുന്നുണ്ട്. സുധാകരനെതിരെ നടപടിയെടുക്കാൻ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. ആരും ധൈര്യപെടാത്ത കാര്യമാണ് സുധാകരൻ പറഞ്ഞതെന്നും പി രാജീവ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ വിവാദ പരാമർശം തൃക്കാക്കര പ്രചാരണത്തിൽ മുഖ്യ വിഷയമായി ഉയർത്താനാണ് ഇടത് മുന്നണിയുടെ തീരുമാനം. വിവാദ പരാമർശത്തിൽ കെപിസിസി അധ്യക്ഷനെതിരെ സിപിഎം ഇന്ന് പരാതി നൽകിയേക്കും. ബൂത്ത് തലത്തിൽ പ്രതിഷേധത്തിന് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥി ജോ ജോസഫിന്റെ വാഹന പ്രചാരണം തുടരുകയാണ്. മന്ത്രിമാർ അടക്കം മണ്ഡലത്തിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിൽ സുധാകരനെതിരെ ആയിരിക്കും ഉന്നയിക്കുക. അതേസമയം അനാവശ്യ പ്രതിഷേധമെന്നാണ് യുഡിഎഫ് നിലപാട്. പരാമർശം പിൻവലിച്ച സാഹചര്യത്തിൽ വിവാദം അവസാനിച്ചെന്നുമാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. സുധാകരനും സതീശനും അടക്കമുള്ള നേതാക്കൾ മണ്ഡലത്തിൽ തുടരുകയാണ്. സ്ഥാനാർത്ഥി ഉമാ തോമസിന്റെ വാഹന പ്രചാരണവും തുടരുകയാണ്. എൻഡിഎ സ്ഥാനാർത്ഥി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണത്തിലാണ്.