തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിച്ചേക്കുമെന്ന മുന്നൊരുക്കത്തില്‍ സംസ്ഥാനത്ത് മുന്നണികള്‍. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം വന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍. വയനാട് ലോക്സഭാ മണ്ഡലത്തിന് പുറമെ പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
വിവാദവിഷയങ്ങൾ കത്തിപ്പടരുന്നിതിനിടെയാണ് കേരളം വീണ്ടും ഉപതരെഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. മുന്നണികൾ നേരത്തെ ചർച്ചകൾ തുടങ്ങി കമ്മിറ്റികളുണ്ടാക്കി റെഡിയാണ്. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത് തന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപന സാധ്യത കണക്കിലെടുത്താണ്. അടുത്തയാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് സ്ഥാനാര്‍ഥിയെന്ന് രാഹുല്‍ ഗാന്ധി രാജിവച്ച അന്ന് തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്. ഇവിടെ തിരഞ്ഞെടുപ്പ് തീയതി മാത്രമേ യുഡിഎഫിന് അറിയാനുള്ളൂ. മണ്ഡലത്തില്‍ രാഹുലിനേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താനാകുമോ എന്ന് മാത്രമാണ് ആലോചന. എന്നാല്‍ പാലക്കാട്ടും ചേലക്കരയിലും ചിത്രം തെളിഞ്ഞിട്ടില്ല. ഷാഫി പറമ്പില്‍ ഒഴിഞ്ഞ പാലക്കാട് സീറ്റില്‍ യൂത്തുകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരാണ് ഷാഫി മുന്നോട്ടുവയ്ക്കുന്നത്. ആദ്യം എതിര്‍പ്പുയര്‍ന്നില്ലെങ്കിലും പി.സരിനുവേണ്ടി പാലക്കാട് ജില്ലാ നേതൃത്വത്തില്‍ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. ആലത്തൂരില്‍ തോറ്റ രമ്യ ഹരിദാസിന് ചേലക്കരയില്‍ ഒരവസരം ചിലപ്പോള്‍ ലഭിച്ചേക്കും. വയനാട് സീറ്റില്‍ സിപിഐയും ബിജെപിയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇറക്കിയത് അവരുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുനേതാക്കളെ. രാഹുലിനെതിരെ നടത്തിയ പോരാട്ട വീര്യം പ്രിയങ്കയ്ക്കെതിരെയും കാഴ്ചവയ്ക്കുമോ എന്നതില്‍ സംശയം.
പാലക്കാട്ട് പിടിക്കാൻ പല പേരുകളുണ്ട് സിപിഎം പരിഗണനയിൽ. ഡിവൈഎഫ് നേതാവ് വസീഫിൻറെ പേരുണ്ട്. കലാരംഗത്തെ ചില പ്രമുഖരെ കൊണ്ടുവരാനും നീക്കമുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ നിലവില്‍ മുന്നണി മൂന്നാം സ്ഥാനത്താണ്. ഇ ശ്രീധരനെ മത്സരിപ്പിച്ച് മിന്നുന്ന പ്രകടനം കാഴ്ചവച്ച പാലക്കാട് ഇക്കുറി വിജയപ്രതീക്ഷയിലാണ് ബിജെപി. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്‍റെ തരംഗം പാലക്കാടും ഉണ്ടാകുമെന്നാണ് കണക്ക്. മെട്രോമാനെ പോലും പ്രമുഖനെ നോക്കുന്നു ബിജെപി. മത്സരിച്ചിടത്തെലാലം മിന്നും പ്രകടനം കാഴ്ചവെച്ച ശോഭാ സുരേന്ദ്രൻറെ പേരുണ്ട്, സി കൃഷ്ണകുമാറും പട്ടികയിലുണ്ട്. ചേലക്കര നിലനി ർത്താൻ മികച്ച സ്ഥാനാർത്ഥിയെ തേടുന്നു സിപിഎം. ആലത്തൂരിൽ മികച്ച പ്രകടനം നടത്തിയ ടിഎന്‍ സരസുവിനാണ് ചേലക്കരയിൽ ബിജെപി മുന്‍ഗണന നല്‍കുന്നത്.