ബെംഗളൂരു: കർണാടകയിൽ മന്ത്രി സ്ഥാനത്തിനായി സമ്മർദ്ദം ശക്തമാക്കി കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. മുതിർന്ന നേതാവും എംഎൽഎയുമായ ജിഎസ് പാട്ടീലിന്റെ അനുയായികളാണ് സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. പാട്ടീലിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധിച്ചത്.
അതിനിടെ സംസ്ഥാനത്ത് അഞ്ച് വർഷവും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ഭരിക്കുമെന്ന് മന്ത്രി എംബി പാട്ടീൽ പറഞ്ഞു. മുഖ്യമന്ത്രി പദവി കൈമാറ്റം 2.5 വർഷത്തിന് ശേഷം വേണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. അങ്ങനെ ഒരു തീരുമാനവും ഹൈക്കമാന്റ് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ച് വർഷവും സിദ്ധരാമയ്യ തന്നെ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരുമെന്ന് എംബി പാട്ടീൽ വ്യക്തമാക്കി.