തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാര മേഖലയിൽ തർക്കം മുറുകുന്നു. വിലയിലെ അഭിപ്രായ വ്യത്യാസമാണ് തർക്കത്തിന്റെ കാരണം. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ച വിലയിൽ വിപണനം നടത്താതെ ചില വൻകിട ജ്വല്ലറികളിൽ വില കുറച്ചു വിൽക്കുകയാണ്. ഇത് സ്വർണ വ്യാപാര മേഖലയിലെ പോരിന് വഴി വെച്ചിരിക്കുകയാണ്.
കഴിഞ്ഞ അൻപത് വർഷത്തിലധികമായി സ്വർണാഭരണ വ്യാപാര മേഖലയിൽ ദിവസേനയുള്ള സ്വർണ്ണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ്. ഓരോ ദിവസത്തെയും അന്താരാഷ്ട്ര വിലയും, ബാങ്ക് നിരക്കുകളും പരിഗണിച്ച് രൂപയുടെ വിനിമയ നിരക്ക് അടിസ്ഥാനത്തിലാണ് ദിവസേന സ്വർണ വില നിശ്ചയിക്കുന്നത്. എല്ലാ ദിവസവും എകെജിഎസ്എംഎ പ്രഖ്യാപിക്കുന്ന വിലയിലാണ് സംസ്ഥാനത്തെ ജ്വല്ലറികൾ വ്യാപാരം നടത്തിയിരുന്നത്. എന്നാൽ മാറ്റ് ജീല്ലറികളെക്കാൾ വില കുറവ് പ്രഖ്യാപിച്ചുകൊണ്ട് ചില വൻകിട ജ്വല്ലറികൾ അസോസിയേഷൻ നിശ്ചയിച്ച വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വ്യാപാരം നടത്തുകയാണെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.
ഇന്ന് രാവിലെ അസ്സോസിയേഷൻ ഒരു പവൻ സ്വർണത്തിന് 160 രൂപ കുറച്ചിരുന്നു. എന്നാൽ ചില വൻകിട ജ്വല്ലറികൾ ഈ വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വ്യപാരം നടത്തിയത്. ഇതിനെത്തുടർന്ന് അസ്സോസിയേഷൻ ഒരു പവൻ സ്വർണത്തിന് ഉച്ചയ്ക്ക് വീണ്ടും 200 രൂപ കുറച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37880 രൂപയായി. എന്നാൽ വൻകിടക്കാർ വെല്ലുവിളി എന്നപോലെ ഇതിനേക്കാൾ കുറഞ്ഞ വിലയിൽ വ്യാപാരം നടത്തി. എന്നാൽ ഇതോടെ അസ്സോസിയേഷൻ മൂന്നാമതും വില കുറച്ചു. വീണ്ടും 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറച്ചത്. ഇന്ന് അകെ 560 രൂപയുടെ ഇടിവാണ് ഉണ്ടായത്. ജ്വല്ലറികൾ ഇനിയും വില കുറച്ച് വിറ്റാൽ അസോസിയേഷൻ വീണ്ടും വില കുറയ്‌ക്കേണ്ടി വരുമെന്ന് അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.
അസോസിയേഷനും വൻകിട ജ്വല്ലറിക്കാരും തമ്മിലുള്ള പോര് മുറുകുന്നതോടെ ലാഭം കൊയ്യുന്നത് ഉപഭോക്താക്കളാണ്. ഒറ്റ ദിവസംകൊണ്ട് 560 രൂപയാണ് കുറഞ്ഞത്. കർക്കിടകം കഴിഞ്ഞ് ചിങ്ങം എത്തിയതോടുകൂടി കല്യാണ വിപണിയും ഉണർന്നിട്ടിട്ടുണ്ട്. വില കുറഞ്ഞതോടെ ഉപഭോക്താക്കൾക്ക് ലാഭമാണ്.
മാസങ്ങളായി അസോസിയേഷനും ജ്വല്ലറിക്കാരും തമ്മിലുള്ള തർക്കം തുടങ്ങിയിട്ട്. ലാഭ ശതമാനം കൂട്ടാൻ അസോസിയേഷനോട് വൻകിട ജ്വല്ലറികൾ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ലാഭം ഒന്നര ശതമാനത്തില്‍ നിന്നും ഉയര്‍ത്തണമെന്നും നിലവിലെ ലാഭത്തില്‍ വിപണിയില്‍ അതിജീവിക്കാന്‍ സാധിക്കുകയില്ലെന്നുമാണ് ഈ വൻകിട ജ്വല്ലറികൾ അഭിപ്രായപ്പെടുന്നത്. എന്നാൽ അസോസിയേഷൻ ലാഭം ഉയർത്തുന്നതിനോട് വിയോജിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇവർ ലാഭം ഒഴിവാക്കി സ്വന്തമായി വില നിശ്ചയിച്ച് വ്യാപാരം നടത്തി. അസോസിയേഷൻ നിശ്ചയിച്ച വിലയിൽ മറ്റ് ജ്വല്ലറികൾ വിപണനം നടത്തിയപ്പോൾ ഗ്രാമിന് അഞ്ച് രൂപയോളം കുറവ് വരുത്തിയാണ് ഇവർ വിൽപന നടത്തിയത്. വില കുറച്ച് വിൽക്കുന്നവർ പണിക്കൂലി ഇനത്തിൽ സാധാരണ ജുവല്ലറികൾ ഈടാക്കുന്നതിനേക്കാൾ കൂടുതൽ വാങ്ങുന്നുണ്ടെന്നും അസോസിയേഷൻ ആരോപിക്കുന്നു