പാലക്കാട്: വണ്ണാമടയിൽ കഴിഞ്ഞയാഴ്ച നടന്ന എക്സൈസ് പരിശോധനയില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനും. വണ്ണാമടയിലെ വിവിധ തെങ്ങിൻതോപ്പുകളിലാണ് കഴിഞ്ഞയാഴ്ച എക്സൈസ് റെയ്ഡ് നടന്നത്. തെങ്ങിന്‍ തോപ്പുകളില്‍ നിന്ന് കണ്ടെത്തിയ സ്പിരിറ്റിനൊപ്പം പിടികൂടിയവരുടെ ചിത്രം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. എക്സൈസ് ഇന്‍റലിജൻസ് വിഭാഗത്തിലെ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാർ പ്രതിയ്ക്കൊപ്പം നിൽക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്.
അടുത്തിടെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഉദ്യോഗസ്ഥനാണ് സെന്തില്‍കുമാര്‍. തെങ്ങിന്‍ തോപ്പുകളില്‍ സംയുക്ത പരിശോധനയാണ് നടന്നതെങ്കിലും ജില്ലയിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല. ഇതിനിടയിലാണ് നടപടി നേരിടുന്ന ഉദ്യോഗസ്ഥന്‍ റെയ്ഡിനൊപ്പം കൂടിയത്. ഒക്ടോബർ പതിനൊന്നിനാണ് കൊഴിഞ്ഞാമ്പാറയിൽ വച്ച് വിവിധ തെങ്ങിൻ തോപ്പുകളിൽ നിന്നായി 1400 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്. സ്റ്റേറ്റ് എൻഫോഴ്സ്മെൻ്റ് എക്സൈസ് ടീമും തൃശ്ശൂർ എക്സൈസ് ഇൻ്റലിജൻസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
സസ്പെൻഷനിലുള്ള സെന്തിൽകുമാർ എങ്ങനെ അവിടെ എത്തി എന്നതിലാണ് ദുരൂഹത. എക്സൈസ് ഉദ്യോഗസ്ഥരല്ലാത്ത ചിലർ റെയ്ഡ് നടക്കുന്ന സമയത്ത് ഉണ്ടായിരുന്നു എന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇത് ആരാണ്, ഇവർ എന്തിനവിടെ എത്തി തുടങ്ങിയ കാരൃങ്ങളും എക്സൈസ് പരിശോധിക്കുന്നുണ്ട്. ജോലിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധനയ്ക്കിടെ അവിടെ എത്തിയതിൽ എക്സൈസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. എന്നാല്‍ വിവാദത്തിന് പിന്നിൽ എക്സൈസിലെ ചേരിപ്പോരാണ് എന്നാണ് സൂചന.
കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറയില്‍ നടന്ന റെയ്ഡില്‍ 725 ലിറ്റര്‍ സ്പിരിറ്റാണ് സിപിഎം മണൽതോട് ബ്രാഞ്ച് സെക്രട്ടറിയുടെ തെങ്ങിന്‍ തോപ്പില്‍ നിന്ന് കണ്ടെത്തിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ കണ്ണന്‍റെയാണ് തെങ്ങിന്‍ തോപ്പ്. കള്ളില്‍ ചേര്‍ക്കാനായി സൂക്ഷിച്ചിരുന്നതായിരുന്നു ഈ സ്പിരിറ്റ്. മാവേലിക്കര, പത്തനംതിട്ട, ശാസ്താംകോട്ട ഭാഗത്തേക്കാണ് ഇവിടെ നിന്ന് സ്പിരിറ്റ് അടങ്ങിയ കള്ള് കൊണ്ടുപോയിരുന്നത്.