ബെംഗളൂരു: കർണാടകയിൽ പാർട്ടി വിട്ട് ബി ജെ പിയിലേക്ക് പോയ എം എൽ എമാരെ വേശ്യകളെന്ന് വിളിച്ച് പുലിവാല് പിടിച്ച് കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ്. കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷനേതാവ് കൂടിയായ ഹരിപ്രസാദ് തന്‍റെ പ്രസ്താവന വിവാദമായതോടെ മാപ്പ് ചോദിച്ചു രംഗത്തെത്തി. തരംതാണ രാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കളംവിട്ട് സ്വയം വിറ്റ് മറുപക്ഷത്തേക്ക് പോയ ചിലരുണ്ട്. ശരീരം വിറ്റ് ജീവിക്കുന്നവരെ വേശ്യകളെന്നല്ലേ വിളിക്കുക? അതാണ് ഇവിടത്തെ സ്ഥലം എം എൽ എ അടക്കമുള്ളവർ. അവരെ പാഠം പഠിപ്പിക്കണം നിങ്ങൾ എന്നായിരുന്നു ഹരിപ്രസാദിന്റെ വാക്കുകൾ. കർണാടക വിജയനഗരെയിലെ ഹോസപെട്ടെയിൽ പുനീത് രാജ്കുമാർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വൻ റാലിയിൽ സംസാരിക്കവെയായിരുന്നു ബി കെ ഹരിപ്രസാദിന്‍റെ ഈ വിവാദപരാമർശം.
ജനം കേവലഭൂരിപക്ഷം നൽകാതിരുന്നതുകൊണ്ടാണ് 2018- ൽ സഖ്യസർക്കാരുണ്ടാക്കിയതെന്ന് പറഞ്ഞ ഹരിപ്രസാദ്, സ്ഥലം എം എൽ എ കൂടിയായ മന്ത്രി ആനന്ദ് സിംഗിനെ പേരെടുത്ത് പറയാതെ അധിക്ഷേപിക്കുകയായിരുന്നു. സംസ്ഥാനത്ത് വിലക്കയറ്റമടക്കം രൂക്ഷമാക്കിയത് ബി ജെ പി ഭരണത്തിലെ പിടിപ്പുകേട് കൊണ്ടാണെന്നും ഹരിപ്രസാദ് വിമർശിച്ചു. എന്നാൽ ഇത്തരം പ്രസ്താവനകൾ തരംതാണത് ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഹരിപ്രസാദിന്‍റെ പ്രസ്താവന തരംതാണതാണ്. അതിനോട് പ്രതികരിക്കാനില്ല. അദ്ദേഹത്തിന് സമനില തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപക പ്രതിഷേധം ഉയരുകയും പ്രസ്താവന വിവാദമാവുകയും ചെയ്തതോടെ, ബി കെ ഹരിപ്രസാദ് മാപ്പ് ചോദിച്ച് രംഗത്തെത്തി. അതേസമയം ബിജെപി പ്രസ്താവന വളച്ചൊടിച്ചെന്നാണ് ഹരിപ്രസാദ് പറയുന്നത്. ലൈംഗികത്തൊഴിലാളികളെ താൻ ബഹുമാനിക്കുന്നു. അവരെ വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.