ബംഗളൂരു: ക്ഷേത്രം നിര്‍മിക്കുന്നത് സംബന്ധിച്ച് രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിൽ രണ്ടുപേർ വെട്ടേറ്റ് മരിച്ചു. മിദിഗേശി സ്വദേശികളായ ശില്‍പ (38), ബന്ധു രാമാഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു ബന്ധുവിനും വെട്ടേറ്റു. കര്‍ണാടകയിലെ തുമകുരുവിലാണ് സംഭവം. ഗ്രാമത്തില്‍ ഗണേശക്ഷേത്രം നിര്‍മിക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഗണേശക്ഷേത്രം സ്ഥാപിക്കാന്‍ രണ്ടുവര്‍ഷം മുമ്പ് ഗ്രാമവാസികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ശ്രീധര്‍ ഗുപ്തയെന്നയാള്‍ സ്ഥലം തന്‍റേതാണെന്നും പഞ്ചായത്തിന്‍റേതല്ലെന്നും വാദിച്ച് രംഗത്തെത്തി. ഇതോടെ ശില്‍പയും ബന്ധുക്കളും കോടതിയെ സമീപിച്ചു. രണ്ടുമാസം മുമ്പാണ് സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം ശ്രീധര്‍ ഗുപ്തക്കല്ലെന്ന് വ്യക്തമാക്കി കോടതിവിധി വന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ ക്ഷേത്രം നിര്‍മിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ തുടങ്ങി.
എന്നാല്‍, വീണ്ടും തര്‍ക്കമുന്നയിച്ച് ശ്രീധര്‍ ഗുപ്ത രംഗത്തെത്തുകയായിരുന്നു. ഒരുവിഭാഗം ആളുകള്‍ ഇയാള്‍ക്കൊപ്പം നിലയുറപ്പിച്ചതോടെ പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. കഴിഞ്ഞദിവസം രാത്രിയാണ് ശില്‍പക്കും രാമാഞ്ജിനപ്പയ്ക്കും ബന്ധുവിനും വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘം വീടിനുമുന്നില്‍ നില്‍ക്കുകയായിരുന്ന ഇവരെ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ സമീപവാസികള്‍ മൂന്നുപേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. സംഭവത്തിൽ ശ്രീധര്‍ ഗുപ്തയെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.