തൃശൂര്‍: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് വടക്കുഞ്ചേരിക്ക് സമീപം വണ്ടാഴി സ്വദേശി ദിനേശിനെയാണ് മണ്ണൂത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണൂത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മേയ് 24നാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ മണ്ണൂത്തിക്കടുത്ത് പട്ടിക്കാട്ടുള്ള വ്യവസായിയായ കെ.പി ഔസേപ്പിനെയാണ് ദിനേശ് ഭീഷണിപ്പെടുത്തിയത്. പട്ടിക്കാട്ടുള്ള ലാലീസ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമകളിലൊരാളാണ് ഔസേപ്പ്. ഹൈപ്പര്‍ മാര്‍ക്കറ്റിന് കീഴിലെ ഹോട്ടലില്‍നിന്നും ദിനേശും സഹോദരന്റെ മകനും ചിക്കന്‍ ബിരിയാണി കഴിച്ചിരുന്നു. ഇതിന്റെ രുചിയെ ചൊല്ലി ദിനേശും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കവും കൈയേറ്റവും ഉണ്ടായി. പിന്നീട് ഹോട്ടല്‍ ഉടമയേയും മാനേജരേയും സ്റ്റാഫുകളേയും പ്രതികളാക്കി ദിനേശ് പീച്ചി പൊലീസില്‍ പരാതി നല്‍കി.
ഈ കേസ് പിന്‍വലിക്കണമെങ്കില്‍ പണം തരണമെന്നും അല്ലാത്തപക്ഷം കേസില്‍ കുടുക്കുമെന്നും ദിനേശ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഔസേപ്പ് പണം കൈമാറി. തുടര്‍ന്ന് ഔസേപ്പ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒല്ലൂര്‍ എ.സി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മണ്ണൂത്തി പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.