കോഴിക്കോട്: വധശ്രമ കേസില്‍ പുല്‍പ്പള്ളി സ്വദേശിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും. പുല്‍പ്പള്ളി അത്തിക്കുനി വയല്‍ചിറയില്‍ വീട്ടില്‍ സി. അബ്ദുള്‍നാസറി(47) നെയാണ് കോഴിക്കോട് ജില്ല അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് (ഒന്ന്) കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. കായണ്ണ നരിനട തയ്യുള്ള പറമ്പില്‍ ഷാജി(46)യെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് വിധി. 2017 ജൂണ്‍ 25ന് പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. കഠിനതടവിനുപുറമേ 50000 രൂപ പിഴയും അടയ്ക്കണം. ഇതിനുപുറമേ 326 വകുപ്പ് പ്രകാരം മൂന്നു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
പിഴ സംഖ്യ പരിക്കേറ്റ ഷാജിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്ന് മാസവും അധികതടവ് അനുഭവിക്കണം. സലീം എന്നയാള്‍ നടത്തുന്ന ബീഫ് സ്റ്റാളിനോട് ചേര്‍ന്ന ഷെഡിന്റെ വശത്തുള്ള മുറിയില്‍വച്ചാണ് ഷാജിയെ കുത്തിയത്. ഇരുവരും ബീഫ് സ്റ്റാളിലെ ജീവനക്കാരായിരുന്നു. പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിച്ചു. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. സുനില്‍കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്, അഡ്വ. നിതിത ചക്രവര്‍ത്തിനി എന്നിവര്‍ ഹാജരായി.