പാചകം ചെയ്യുന്നത് ഒരു വിഭാഗം പേരെ സംബന്ധിച്ച് അത്ര വലിയ ജോലിയല്ല. അതേസമയം മറ്റൊരു വിഭാഗത്തിന് അത് ശരിക്കും ശ്രമകരമായ ജോലി തന്നെയാണ്. വ്യക്തികളുടെ താല്‍പര്യം, അഭിരുചി എന്നിവയിലെല്ലാമധികം സമയം എന്നൊരു ഘടകം പാചകത്തില്‍ വലിയ പങ്ക് വഹിക്കാറുണ്ട്. പ്രത്യേകിച്ച് ദിവസവും ജോലിക്ക് പോകുന്നവരാണെങ്കില്‍ ഇവരെ സംബന്ധിച്ച് പാചകം പ്രയാസകരമായ ജോലിയാകുന്നത് സമയത്തിന്‍റെ പരിമിത മൂലമായിരിക്കും.
ജോലി ചെയ്യുന്നതിനൊപ്പം വീട്ടിലെ മറ്റ് കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകണം. കൂടാതെ ദിവസവും മൂന്ന് നേരത്തേക്കുമുള്ള ഭക്ഷണം തയ്യാറാക്കുക എന്നുവച്ചാല്‍ അത് അല്‍പം പ്രയാസം തന്നെയാണ്, ഇക്കാര്യത്തില്‍ സംശയമില്ല. എങ്കിലും ‘സ്മാര്‍ട്ട്’ ആയവര്‍ ഇതെല്ലാം കൃത്യമായി ചെയ്തുതീര്‍ക്കുന്നത് നമുക്ക് കാണാൻ സാധിക്കും. എന്നാല്‍ എല്ലാവര്‍ക്കും ഇതിന് കഴിയില്ലല്ലോ. എന്ന് മാത്രമല്ല ഇത്രയധികം ജോലി ചെയ്യുന്നത് ശരീരത്തെ മാത്രമല്ല- മനസിനെയും ബാധിക്കാം. പതിവായി സ്ട്രെസ് അനുഭവിക്കുന്നതിലേക്ക് ഇത്രയും ജോലിഭാരം നമ്മെ നയിക്കാം.
അധികവും സ്ത്രീകള്‍ തന്നെയാണ് ഇത്തരത്തില്‍ ജോലിക്കൊപ്പം പാചകത്തിന്‍റെ ഉത്തരവാദിത്തവപം വീടുകളില്‍ ഏറ്റെടുക്കാറ്. എന്തായാലും പാചകം വലിയ പ്രയാസകരമല്ലാത്ത രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാൻ സഹായകരമായിട്ടുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം ‘പ്ലാനിംഗ്’ ആണ്. പാചകത്തില്‍ എന്താണിത്ര പ്ലാൻ ചെയ്യാനുള്ളത്- അല്ലെങ്കില്‍ എന്ത് പ്ലാൻ ചെയ്യുമെന്ന സംശയം വേണ്ട, അക്കാര്യങ്ങള്‍ പറഞ്ഞുതരാം.
ഒരാഴ്ചത്തേക്ക്….
ആദ്യം ഒരാഴ്ചത്തേക്ക് ഏകദേശം അനുയോജ്യമാകും വിധത്തിലൊരു വിശദമായ പ്ലാനുണ്ടാക്കാം. ഓരോ ദിവസവും എന്താണ് ബ്രേക്ക്ഫാസ്റ്റ്- ലഞ്ച്- ഡിന്നര്‍ എന്നിങ്ങനെ വരുംവിധത്തില്‍. ഇത് ഒരു പേപ്പറിലെഴുതി അടുക്കളച്ചുവരില്‍ തന്നെ ഒട്ടിക്കാം. അല്ലെങ്കില്‍ ഫോണ്‍ ഡയറിയില്‍ കരുതാം. ഇങ്ങനെ പ്ലാൻ ചെയ്യുമ്പോള്‍ പോഷകങ്ങള്‍ ബാലൻസ് ചെയ്യും വിധത്തില്‍ വിഭവങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്യാം. ഈ പ്ലാനിന് അനുസരിച്ചേ അടുത്തയൊരാഴ്ച കഴിക്കാവൂ എന്നല്ല- മറിച്ച് ഇതൊരു എളുപ്പത്തിന് വേണ്ടി ചെയ്യുന്നതാണ്.
ചേരുവകള്‍…
ഇനി നമ്മുടെ കൈവശമുള്ള പച്ചക്കറികള്‍, ധാന്യങ്ങള്‍, പൊടികള്‍, മസാല, എണ്ണ എന്നിങ്ങനെ എന്തെല്ലാം ചേരുവകള്‍ വേണോ അതിന്‍റെയെല്ലാം കണക്ക് മനസിലാക്കുക. വേണ്ടത് വാങ്ങി സൂക്ഷിക്കുക. എന്ത് സാധനവും കൃത്യമായ അളവ് അല്ലാതെ അല്‍പം അധികം വാങ്ങിവയ്ക്കാം. ഇതിനെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുകയും വേണം.
ഇനിയൊരു ഉദാഹരണം നല്‍കാം. ആഴ്ചയുടെ തുടക്കത്തില്‍ ചിക്കൻ വാങ്ങിക്കുന്നു എന്ന് കരുതുക. ഒരു ദിവസം ചിക്കൻ കറി ഉണ്ടാക്കിയാല്‍, മറ്റേതെങ്കിലുമൊരു ദിവസം ചിക്കൻ ഫ്രൈയോ, ഫ്രൈഡ് റൈസോ, സലാഡോ മറ്റോ പ്ലാൻ ചെയ്യാം. ഇങ്ങനെ വേണം പ്ലാനിംഗ് പോകാൻ. ഇനി, ഒരു മത്തൻ ആണ് ഈ ആഴ്ച ഉള്ളതെങ്കില്‍ ഒരു ദിവസം സാമ്പാര്‍, ഒരു ദിവസം ഓലൻ , അടുത്ത ദിവസം എരിശ്ശേരി എന്നിങ്ങനെ മടുക്കാത്ത രീതിയില്‍ ഒരേ സാധനം കൊണ്ട് പല വിഭവങ്ങള്‍ പ്ലാൻ ചെയ്യണം.
സ്റ്റോറേജ്…
കടയില്‍ നിന്ന് വാങ്ങിക്കുന്ന ഏത് സാധനവും അതിന്‍റെ കാലാവധി നോക്കി പട്ടിക തിരിച്ച് കൃത്യമായി സൂക്ഷിക്കണം. പാചകം ചെയ്യുന്ന സമയത്ത് ഇതിന്‍റെയൊക്കെ കാലാവധി നോക്കാനും, ഇതെല്ലാം തെരഞ്ഞ് കണ്ടെത്താനും സമയം പോകാതിരിക്കാനാണ് ഈ മുന്നൊരുക്കം.
കൂട്ടുകള്‍ തയ്യാറാക്കാം…
മറ്റൊരു ടിപ് കൂട്ടുകള്‍ തയ്യാറാക്കി വയ്ക്കലാണ്. ഒഴിവുസമയത്ത് തേങ്ങ ചിരകി എയര്‍ടൈറ്റ് കണ്ടെയ്നറുകളിലാക്കി ഫ്രിഡ്ജിനകത്തോ ഫ്രീസറിലോ സൂക്ഷിക്കാം. വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി പേസ്റ്റ് എന്നിവയെല്ലാം തയ്യാറാക്കി ഇതുപോലെ സൂക്ഷിക്കാം. വിവിധ ചട്ണികള്‍- ചമ്മന്തികള്‍ എന്നിവ തയ്യാറാക്കി സൂക്ഷിക്കാം. ചെറിയ ഉള്ളി തൊലി കളഞ്ഞ് പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പച്ചക്കറികള്‍ തലേന്ന് അരിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇങ്ങനെയുള്ള മുന്നൊരുക്കങ്ങള്‍ പാചകം ‘ഇൻസ്റ്റന്‍റ്’ ആക്കാൻ ഉപകരിക്കും.
കൂടുതല്‍ പാചകം ചെയ്തുവയ്ക്കാം…
കറികള്‍ തയ്യാറാക്കുമ്പോള്‍ രണ്ട് ദിവസത്തേക്കുള്ളത് തയ്യാറാക്കി ഒരു ഭാഗം തൊടാതെ ആദ്യമേ വൃത്തിയുള്ളൊരു പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വയ്ക്കാം. ഇത് ആവശ്യമുള്ളപ്പോള്‍ മാത്രമെടുത്ത് ചൂടാക്കി കഴിക്കാമല്ലോ. ഈ സമയത്ത് ചോറോ. ചപ്പാത്തിയോ, ദോശയോ, ബ്രഡോ മാത്രം തയ്യാറാക്കിയാല്‍ മതിയാകുമല്ലോ.
ബാക്കിയാകുന്നവ…
ബാക്കിയുള്ള ഭക്ഷണം കൊണ്ട് അടുത്ത നേരത്തേക്ക് ഉണ്ടാക്കാവുന്ന ചെറിയ വിഭവങ്ങളെ കുറിച്ചും പ്ലാൻ ചെയ്യണം. പ്രത്യേകിച്ച് ചോറ് പോലുള്ള ഭക്ഷണം അധികമായി വന്നാല്‍ ചെയ്യാവുന്ന കാര്യങ്ങള്‍. ഇതും നേരത്തെ മനസില്‍ കണ്ടാല്‍ കാര്യങ്ങള്‍ എളുപ്പമായി മുന്നോട്ട് കൊണ്ടുപോകാം. പാചകത്തില്‍ പ്ലാനിംഗ് ഉണ്ടെങ്കില്‍ ചെറിയൊരു കുടുംബത്തിന് തീര്‍ച്ചയായും വലിയ തിരക്കില്ലാതെ തന്നെ ദിവസവും പോകാവുന്നതാണ്.