തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്ക് ജൂലായ് മാസം അവസാനിക്കാറായിട്ടും ജൂണ്‍ മാസത്തെ വേതനം കിട്ടിയില്ല. സ്കൂളുകളിലെ ജൂണ്‍ മാസത്തെ ഉച്ച ഭക്ഷണ ചെലവും ഇന്നേവരെ കൊടുത്തില്ല. ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി ഐ ടി യു നേതൃത്വത്തില്‍ പാചക തൊഴിലാളികള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ശമ്പളം വിതരണം ചെയ്യുമെന്ന് വാര്‍ത്താ കുറിപ്പിറക്കി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പാചക തൊഴിലാളികളാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്കെത്തിയത്. അതും സിപിഎമ്മിന്റെ പോഷക സംഘടനയായ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍. തുച്ഛമായ ദിവസ വേതനമാണ് പാചക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്നത്. ജൂണ്‍ മാസത്തെ വേതനം ജൂലായ് അവസാനിക്കാറായിട്ടും കിട്ടാതായതോടെയാണ് സമരം ചെയ്യാന്‍ പാചക തൊഴിലാളികൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്.
പാചക തൊഴിലാളികളിൽ മിക്കവരുടെയും ജീവിതം വലിയ ദുരിതമാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് അവസാനമായി ഇവര്‍ക്ക് വേതനം കിട്ടിയത്. 13,766 പാചക തൊഴിലാളികളാണ് സംസ്ഥാനത്ത് കൂലി കിട്ടാതെ ബുദ്ധിമുട്ടിലായത്. പാചക തൊഴിലാളികള്‍ക്ക് മാത്രമല്ല, ജൂണ്‍ മാസത്തെ ഉച്ച ഭക്ഷണ ചെലവ് സ്കൂളുകള്‍ക്ക് ഇതുവരെ കിട്ടിയില്ല. അരിമാത്രമാണ് സൗജന്യമായി കിട്ടുന്നത്. പലവ്യഞ്ജനവും പച്ചക്കറിയും ഗ്യാസും എല്ലാം സ്കൂൾ അധികൃതരാണ് വാങ്ങുന്നത്.
ജൂണ്‍ മാസത്തെ പണം ജൂലായ് അവസാനിക്കാറായിട്ടും കിട്ടാതായതോടെ അധ്യാപകര്‍ സ്വന്തം കയ്യില്‍ നിന്ന് കടകളിലെ കടം വീട്ടി. സാധാരണ അടുത്ത മാസം ആദ്യത്തെ ആഴ്ച കിട്ടുന്ന ഉച്ച ഭക്ഷണ ചെലവിനുള്ള പണത്തിന്റെ വിതരണമാണ് ഇത്രയും വൈകിയത്. പാചക തൊഴിലാളികള്‍ സമരവുമായി എത്തിയതോടെ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പിറക്കി തടിതപ്പുകയാണ് ഉണ്ടായത്. ജൂണ്‍, ജൂലായ് മാസങ്ങളിലെ ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 126 കോടി രൂപ അനുവദിച്ചെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പണം കിട്ടുമെന്നും മന്ത്രി പറഞ്ഞു.