ന്യൂഡൽഹി ∙ ഹെഡ് കോൺസ്റ്റബിളിനെ പൊലീസ് വാനിൽ സ്വയംവെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ ലൈൻ സ്റ്റേഷനിലെ പിസിആർ വാൻ ഇൻചാർജായ ഇമ്രാൻ മുഹമ്മദ് ആണ് ഔദ്യോഗിക തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർത്തത്. ചാന്ദ്ഗി റാം അഖാരയ്ക്ക് സമീപത്തെ ബേല റോഡിൽ ശനിയാഴ്ച രാവിലെ 6.25നാണ് സംഭവം.
പിസിആർ ഡ്രൈവറും സഹപ്രവർത്തകനായ കോൺസ്റ്റബിൾ അതുൽ ഭാട്ടിയും ശുചിമുറിയിൽ പോയ സമയത്താണ് ഇമ്രാൻ വാനിനുള്ളിൽ വെടിയുതിർത്തത്. ഉടൻ തന്നെ ബാര ഹിന്ദു റാവു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഡിസിപി സാഗർ സിങ് കൽസി പറഞ്ഞു. പരിശോധനയ്ക്കായി ജില്ലാ ക്രൈം ടീമിനെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.